കുഞ്ഞിക്കുറുക്കന്റെ കല്യാണം

ണ്ടു പണ്ട്..മ്മടെ കണ്ടങ്കോരനാണ്
ഉപ്പിണിപ്പാടത്തെ പെരുവരമ്പില്‍ നിന്ന്
ചോരക്കണ്ണകളുടെ പുറവട്ടം ചുരുക്കി
കാറ്റിനെ കൈകൊട്ടി വരുത്തുന്നത്.

കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല്‍ ചാലാണൊലിച്ചിറങ്ങുന്നത്.

തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.

ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ  ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.

രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
തോടും പാടവും ഒരു ചെങ്കടലാകും
കാളിപ്പെണ്ണും കണ്ടങ്കോരനും കടല്‍ തുഴഞ്ഞ്
ഒരോലക്കുടയില്‍ ആഴ്ച്ചച്ചന്ത കാണും

കണ്ടങ്കോരന്റെ പുലയടിയന്തിരം കഴിഞ്ഞ്
കതിര് കൊയ്യാന്‍ വന്ന കിളികള്‍ പറഞ്ഞു
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
നാടേതെന്നറിയില്ല..കാടേതെന്നറിയില്ല

പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു
വെയിലും മഴയും കനിയേണ്ട..
പൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!










20 coment�rios :

20 അഭിപ്രായങ്ങൾ:

  1. കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
    നാടേതെന്നറിയില്ല..കാടേതെന്നറിയില്ല ...ശരിയാണ്.ഇതാണ് ഇന്നത്തെ അവസ്ഥ

    മറുപടിഇല്ലാതാക്കൂ
  2. രസകരമായി ഭാവനയും വരികളും.

    മറുപടിഇല്ലാതാക്കൂ
  3. കണ്ടന്‍കോരന്‍ എല്ലാ കാലവും നിലനില്‍ക്കില്ല. പുതിയ പുതിയ കണ്ടന്‍ കോരന്മാര്‍ വേണം. അന്നത് ഒരു പ്രത്യേകവര്‍ഗമായിരുന്നെങ്കില്‍ ഇനിയത് സാദ്ധ്യമല്ല. എല്ലാരും കണ്ടന്‍കോരന്റെ വേഷമെടുത്തേ മതിയാവൂ.

    മറുപടിഇല്ലാതാക്കൂ
  4. അഗാതമായ കണ്ടെത്തല്‍
    ഒരുകാലവും,അതിന്റെ നാടും,നെല്‍വയലുകളുമെല്ലാം
    വരഞ്ഞു വെച്ചു !


    ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
    ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
    നാടന്‍പാട്ടിന്റെ ഈരടികള്‍ കേട്ടാലാണ്
    ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.

    മറുപടിഇല്ലാതാക്കൂ
  5. അസ്സലാക്കിയ വരികള്‍.
    അജിത്തേട്ടന്‍ പറഞ്ഞത്‌ പോലെ ഒരു പ്രത്യേക വര്‍ഗം എന്നത് മാറിവരുന്ന കാലത്തിന് സമ്മതിക്കാന്‍ പറ്റാത്തതാണ്.

    മറുപടിഇല്ലാതാക്കൂ
  6. കരിഞ്ഞുണങ്ങുന്ന ഗ്രാമപ്പച്ചയുടെ നെഞ്ചെരിച്ചില്‍ ,അന്യംനിന്നുപോകുന്ന നാട്ടറിവുകളുടെ വിഹ്വലതകള്‍ .....
    വരഞ്ഞിടാന്‍ ഒട്ടനവധി.എല്ലാം വരും തലമുറയുടെ 'പതിരില്ലാത്ത പഴമൊഴി'കളായി മാറുമോ ?
    'കാടെവിടെ മക്കളെ....'എന്ന് കവിപാടുമ്പോള്‍ ഇവിടെയും അതിന്റെ പ്രതിധ്വനികള്‍ ഉറക്കെ ,ഉറക്കെ.....

    മറുപടിഇല്ലാതാക്കൂ
  7. രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി

    മറുപടിഇല്ലാതാക്കൂ
  8. മാറ്റം അനിര്‍വാര്യം എന്നറിയുമ്പോഴും പഴമ പാകി തന്ന നന്മ പിഴുതെറിയാന്‍ മനം മടിക്കുന്നു.... ആ വേദന ഈ വരികളില്‍ ഉടനീളം പ്രതിഫലിക്കുന്നത് കണ്ടു അറിയാതെ എന്റെ നെഞ്ചും നീറുന്നു.

    കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
    ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
    പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
    പാല്‍ ചാലാണൊലിച്ചിറങ്ങുന്നത്.

    ഒരിക്കല്‍ കൂടി എന്റെ ചിന്തകളെ കൊട്ടോട്ടി കുന്നിന്റെ മടിയില്‍ എത്തിച്ച നല്ല കവിത.. ആശംസകള്‍ നാട്ടുകാരാ...

    മറുപടിഇല്ലാതാക്കൂ
  9. നല്ല വരികള്‍. ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  10. പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
    കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു...
    കാലം വല്ലാതെ മാറിപ്പോയെന്നതാണ് എന്റെയും ദുഃഖം... നല്ല കവിത... ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  11. കൊയ്ത്തും മെതിയും ഇല്ലാതായ ശേഷം ആകെ നടക്കുന്നത് പാറമടയിലെ കല്ലുകൊത്തല്‍ പോലെ പ്രകൃതിയെ വിറ്റുകാശാക്കുന്ന കാര്യങ്ങള്‍ മാത്രം. പൊന്നും പണവും കുറയില്ലായിരിക്കാം. പക്ഷെ, വെയിലും മഴയും കനിഞ്ഞില്ലെങ്കിലോ... ... മനുഷ്യന്‍ പാഠം പഠിക്കാനിരിക്കുന്നതേയുള്ളു. ഓര്‍മ്മപ്പെടുത്തലിനു നന്ദി. നല്ല കവിത. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  12. തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
    ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
    പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
    ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.
    പഴയ ഓര്‍മ്മകളെ മനസ്സില്‍ ഒരിക്കല്‍ കൂടി എത്തിച്ചു ആശംസകള്‍ ഒപം എല്ലാ നന്മകലു൭മ് നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  13. വെയിലും മഴയും കനിയേണ്ട..
    പൊന്നും പണവും കുറയേണ്ട..
    കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!


    :)

    മറുപടിഇല്ലാതാക്കൂ
  14. അന്യമ്നിന്നു പോകുന്ന നാട്ടുകാഴ്ച്ച. ശരിക്കും ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  15. പഴ യ നാട്ടു കാഴ്ചകള്‍, സ്മൃതിയില്‍ വടരുമ്പോള്‍ നല്ല കവിത പിറന്നു

    മറുപടിഇല്ലാതാക്കൂ
  16. വളരെനല്ല ഒരു എഴുത്ത് ...എഴുത്തെന്നെപറയാന്‍ തോന്നുന്നുള്ളൂ .
    എന്താണത് എന്ന് നന്നായിപ്പരയാന്‍ അറിയില്ല .

    മറുപടിഇല്ലാതാക്കൂ
  17. ഇന്നില്‍ നിന്നും ഇന്നലേക്കുള്ള കൊണ്ടു പോകല്‍ അനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ
  18. മാറ്റങ്ങള്‍ അനിവാര്യമാണ്. ഇനി ഒരു കണ്ടങ്കോരന്‍ മാത്രം പ്രകൃതിയുടെ മൂല്യം തിരിച്ചറിഞ്ഞാല്‍ പോര.ഒരു വിഭാഗീകതയും വേണ്ട. എല്ലാവരും പങ്കാളികളാവുക. ഇന്നലെയുടെ മരണത്തില്‍ ഇന്നിനുണ്ടായ ആഘാതം മനോഹരമാക്കി.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.