വേഷങ്ങള്‍

അച്ചില്‍ വാര്‍ത്തപോലിരിക്കും
എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ.
അളന്നു മുറിച്ച കണക്കില്‍ ചിരിക്കും
എടുത്തണിയുമ്പോളവ.
അലക്കിയെടുക്കുമ്പോള്‍ അറിയാം,
എത്ര അഴകില്‍ നെയ്തവയുടെയും നന്മ.

പ്രാര്‍ത്ഥനയുടെ സാന്ത്വനമുള്ള 
പരുത്തി മുഖത്ത്
അരിച്ചു പെറുക്കി നോക്കിയാല്‍ ചില
പണിക്കുറവുകളുണ്ടാകും.
ഇഴയടുപ്പമില്ലെങ്കിലും ഇളകിപ്പോരില്ല ചായം.
അറുത്തു മുറിച്ചു കളഞ്ഞാലും
അറ്റു പോവില്ലതിന്‍ ആത്മ ബന്ധം.

പ്രലോഭനങ്ങളുടെ സര്‍വ്വ സമര്‍പ്പണമാണ്
പട്ടിന്‍റെ പളപളപ്പുള്ളവയ്ക്ക്.
ഇഴയടുപ്പം നോക്കുമ്പോള്‍ തന്നെ
ഇളകിപ്പോരും ചായം.
ഹൃദയത്തിന്‍റെ പുറത്തായിരിക്കും
കസവിന്‍റെ ചിത്രപ്പണികള്‍ .
ഇത്തിരിപ്പോന്ന താലിച്ചരടിനൊന്നും
ഇണങ്ങിച്ചേരില്ലത്.

മടിച്ചു മടിച്ചു സ്വീകരിക്കപ്പെടുന്നവ
മടക്കു നിവര്‍ത്തുമ്പോള്‍ തന്നെ
മുഷിഞ്ഞു തുടങ്ങുന്നു.

കാണുമ്പോള്‍ കലി വരുന്നവയുണ്ട്
കണ്ണഞ്ചിപ്പിക്കും നിറം പക്ഷെ
കറ പിടിക്കുന്നയിനം
ഒട്ടിയിരുന്നാലൊന്നും 
അലിവുണ്ടാവില്ലൊട്ടും
ഒപ്പാനൊക്കില്ല കണ്ണീരും.

കടിച്ചു പിടിച്ചും വലിച്ചു നീട്ടിയും
രണ്ടറ്റവും ചുരുണ്ടു പോയവക്ക്
ചുട്ടു പൊള്ളിയാലും ചിരി പൊട്ടില്ല.
കളിചിരി മായും മുമ്പേ കാണാതാകുന്നവയുണ്ട്
കത്തിക്കപ്പെടുകയോ കാറ്റില്‍
പറന്നു പോവുകയോ ചെയ്തവ.

ചിരിച്ചു കൊണ്ട് ചില്ലു കൂട്ടിലിരിക്കുന്നവ
ചിതലരിക്കും വരെ നമ്മെ കൊതിപ്പിക്കുന്നു.
നരച്ചു വര വീണാലും കാണും
അഴിച്ചു മാറ്റാന്‍ കഴിയാത്തവ
വേദ പുസ്തകത്തിന്‍റെ പുറം ചട്ടപോലൊരു
ഭാവ രഹിതമാം മുഖഭാവത്തോടെ
കെട്ടിലും മട്ടിലും കഷ്ടമാണെങ്കിലും
വിട്ടു പോവില്ലതിന്‍ തയ്യല്‍
പൂര്‍വ സ്മൃതികളില്‍  പാല്‍മണം ചുരത്തി
പ്രാണനില്‍ ഒട്ടിപ്പിടിച്ചിരിക്കും.

5 coment�rios :

5 അഭിപ്രായങ്ങൾ:

 1. വേദ പുസ്തകത്തിന്‍റെ പുറം ചട്ടപോലൊരു
  ഭാവ രഹിതമാം മുഖം

  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം,സൗന്ദര്യം എന്നത് ശരിക്കും ഹൃദയത്തിന്‌ തന്നെയാണ്‌

  മറുപടിഇല്ലാതാക്കൂ
 3. കവി ഇപ്പോഴും ബൂമിങ്ങിലാണ്.....

  മറുപടിഇല്ലാതാക്കൂ
 4. നരച്ചു വര വീണാലും കാണും
  അഴിച്ചു മാറ്റാന്‍ കഴിയാത്തവ- ശരിയാണ്, നന്നായി

  മറുപടിഇല്ലാതാക്കൂ
 5. കവിത വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.