നഖീലുകള്‍ പറയുന്നത്

വിഴുപ്പലക്കിയും ഉണക്കിയും 
മുഖം വെളുപ്പിച്ചും 
അകം കറുപ്പിച്ചും 
ചിലർ പുലര്‍നിലാവിലും  ഉണര്‍ന്നിരിക്കുന്നു.
പ്രദോഷങ്ങള്‍ അതിന്‍ വഴികളില്‍ നിഴല്‍ പരവതാനികള്‍ വിരിച്ചു സ്വീകരിച്ചിരുത്തുന്നു 
പോയ ദിനങ്ങളെയെന്നും.

മൃതിയടഞ്ഞതിന്‍ 
സ്മൃതി പുതുക്കുവാന്‍ 
ഇരുന്നവര്‍ക്കിടെ പകരുന്നുണ്ടതിന്‍
പകല്‍ക്കിനാവില്‍ നിന്നിറുത്ത *റത്തബിന്‍ കുലകളും, 
ഉള്ളില്‍ തിളച്ച *ഖാവയും.
ഇടയ്ക്കിടെയത് നുകര്‍ന്നവര്‍ തന്നെ, ഇകഴ്ത്തുന്നു 
മുന്നില്‍ കുനിഞ്ഞു 
ജീവിതം വിളമ്പിത്തീര്‍ക്കുന്ന വിധിയാണെന്നപോല്‍ !

അവര്‍ അസദൃശ സഹനശക്തിയോ,ടകലെ നാളയെ മധുരമാക്കുവോര്‍ 
*ജബലിന്നക്ളറില്‍ 
വിസ പുതുക്കാതെ
പുകമഞ്ഞിന്‍ മൂടുപടമണിഞ്ഞെത്തി, 
അവധിയില്ലാതെ 
വെയില്‍ ചുമന്നവര്‍ 
അവധിയില്‍ 
പെരുമഴയായ് പെയ്തവര്‍ 

ഉടയവര്‍ ചിലര്‍ മറന്നുപോകുന്നു 
കുടിച്ച കണ്ണുനീര്‍ കടലിന്നുപ്പുപോല്‍ !
കടല്‍ക്കരകളില്‍ 
വലകള്‍ നെയ്തിട്ടും 
സമതലങ്ങളില്‍ 
തലകള്‍ കൊയ്തിട്ടും 
കരകയറാത്ത തിരകളാണവര്‍ 
തുടര്‍ മൊഴികളാല്‍ നുരചിതറുവോര്‍ 

ബിലാദുകള്‍ 
മണല്‍ച്ചുഴികളില്‍ 
മായ്ച്ചുകളയും കാറ്റില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന
*ബദുവെപ്പോല്‍ 
പാവം *നഖീലുകള്‍ 
വ്യഥ, *ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍.
മഴ കഴിഞ്ഞെത്തും 
പൊതുമാപ്പിന്‍ 
*വാദിയൊഴുക്കില്‍പ്പെട്ടു, റ്റവരെ കൈവിട്ടാലും
വിനമ്രശീര്‍ഷരാണിളം *നബാത്തിന്റെ
വിളംബരച്ചിരി മുറിച്ചു മാറ്റിലും.

അതിമോഹങ്ങളിന്നതിന്‍ പകലിനെ 
അമിതദാഹികളാക്കുന്നുണ്ടെങ്കിലും
മധുരവ്യാപാരം കൊണ്ടുഷ്ണജീവിതം 
അധികബാധ്യതയാകുന്നുണ്ടെങ്കിലും
നിലാച്ചിറകുകള്‍ ധരിച്ചവ, 
ജന്മസ്ഥലികളിലെന്നും പുനര്‍ജ്ജനിക്കുന്നു.
ഒരു തലമുറ മുഴുവന്‍ ആ ചിരി
തിരിച്ചറിഞ്ഞുള്ളം 
ത്രസിച്ചു നില്‍ക്കുന്നു.

ചകിതയാവാതെപ്പുലര്‍ക, നീയെന്നും..
---------------------------------------------------------------------
*റത്തബ്‌ -പുതിയ ഈത്തപ്പഴം 
*ഖാവ - മധുരം ചേര്‍ക്കാത്ത കാപ്പി 
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ്‌ - ഗ്രാമം 
*ബദു - മരുവാസി,മലവാസി 
*നഖീല്‍ - ഈത്തപ്പന 
*ഖഫീഫ്‌ -ഈത്തപ്പനയോലയുടെ കുട്ട
*വാദി - മലവെള്ളപ്പാച്ചില്‍ 
*നബാത്ത് - ഈത്തപ്പനയുടെ പൂക്കുല
(പരാഗണത്തിനു പകരം ആണ്‍മരങ്ങളില്‍ നിന്നും അറുത്തെടുക്കുന്ന 
പൂക്കുലയുടെ അല്ലികള്‍ പെണ്മരങ്ങളില്‍ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത് )14 coment�rios :

14 അഭിപ്രായങ്ങൾ:

 1. 'നഖീലി'നെ(ഈത്തപ്പന)ബിംബകല്പനയാക്കി ഒരു പ്രവാസജീവിതം ഭംഗിയായി വിളക്കിയിരിക്കുന്നു സുഖമുള്ള വരികളില്‍ കവിയനുഭവം.വായിക്കുംതോറും എവിടെയൊക്കെയോ മുറിഞ്ഞു നീറ്റുന്നു.....
  ''അവര്‍ അസദൃശ സഹനശക്തിയോ-
  ടകലെ നാളയെ മധുരമാക്കുവോര്‍
  *ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
  പുകമഞ്ഞിന്‍ മൂടുപടമണിഞ്ഞെത്തി
  അവധിയില്ലാതെ വെയില്‍ ചുമന്നവര്‍
  അവധിയില്‍ പെരുമഴയായ് പെയ്തവര്‍...."
  ______________
  ഓരോ 'നഖീലി'നും ഇതിനുമപ്പുറം എന്തുണ്ട് പറയാന്‍ !

  മറുപടിഇല്ലാതാക്കൂ
 2. അര്‍ത്ഥവത്തായ നല്ലൊരു കവിത.

  മറുപടിഇല്ലാതാക്കൂ
 3. പ്രവാസത്തിന്‍റെ വശ്യത വരികളിലും ,ആശംസകള്‍ ചെറിയാക്കാ

  മറുപടിഇല്ലാതാക്കൂ
 4. ഇത്തവണ സുന്ദരമായ വരികളില്‍ നിറഞ്ഞത് പ്രവാസജീവിതം.

  മറുപടിഇല്ലാതാക്കൂ
 5. നന്നായി ഇഷ്ടപെട്ടു

  മറുപടിഇല്ലാതാക്കൂ
 6. ഈത്തപ്പന: അത്ഭുതങ്ങളില്‍ ഒന്നാകുന്നു ഈ മരം.. അല്ലാഹു ആദം നബിയെ സൃഷ്ടിച്ചതിന്റെ പിന്നെ ബാക്കി വന്ന മണ്ണില്‍ നിന്നാന്നു ഈന്തപ്പനയെ സൃഷ്ട്ടിച്ചത് എന്നൊരു ഹദീസ് ഉണ്ട്.. ഈ മരം നിങ്ങളുടെ അമ്മായി ആണ് എന്നാണു ആ ഹദീസിന്റെ തുടക്കം..
  ഓരോ ഈത്തപനയും ഓരോ തപസ്സാണ്.. മണ്ണിന്റെയും മനുഷ്യന്റെയും തപസ്സ്.. ആ തപസ്സിന്റെ കൂടെ പ്രവാസിയുടെ നെഞ്ചിലെ തപം കൂടി ചേര്‍ന്നപ്പോള്‍, ഭംഗിവാക് പറയുകയാന്നെന്നു കരുതരുത്.. വളരെ മനോഹരമായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 7. എപ്പോഴത്തെയും പോലെ ..അതിമനോഹരം .

  മറുപടിഇല്ലാതാക്കൂ
 8. ഈന്തപ്പഴം പോലെ കവിത. അവധിയില്ലാതെ വെയില്‍ ചുമന്നവര്‍
  അവധിയില്‍ പെരുമഴയായ് പെയ്തവര്‍ ... അവരറിയണം ഈ വരികൾ!
  --

  മറുപടിഇല്ലാതാക്കൂ
 9. പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള വരികള്‍ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 10. പ്രവാസി ജീവിതം അന്യമാണെനിക്ക്.പൂര്‍ണ്ണമായ ആസ്വാദനത്തിന് അത് തടസ്സമുണ്ടാക്കുന്നുണ്ട്.എങ്കിലും കവിത ഉള്ളത്തെ തഴുകുന്നുണ്ട്.നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. പ്രവാസത്തിന് എന്തെല്ലാം മുഖങ്ങള്‍
  നന്നായി സാബ്

  മറുപടിഇല്ലാതാക്കൂ
 12. നല്ല കവിത.

  ഇതില്‍ ബ്ലോഗ്‌ പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്യിക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ മാഷേ?

  shahidsha8@gmail.com

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.