മരത്തുള്ളികള്‍ര്‍ക്കുന്നുവോ..?
എന്‍റെ ഇലത്തൊട്ടിലിലേക്കാണ് 
ആകാശം നിന്നെ പെറ്റിട്ടത് 

നിലാവ് വരച്ച ചിത്രം പോലെ

നീയൊരു മഴത്തുള്ളിയില്‍ ചിരിച്ചു
കാണാന്‍ കൊതിച്ച
പൂക്കാലങ്ങള്‍  അന്നെന്‍റെ 
ചില്ലകളില്‍ ഊഞ്ഞാലാടി.

പൂമ്പാറ്റകളുടെ നടുവിലായിരുന്നു 

പുത്തനുടുപ്പിട്ട നമ്മുടെ 
സ്വപ്നങ്ങള്‍ 
മഞ്ഞും വെയിലും നിലാവും 
മാറില്‍ ചേര്‍ത്തുറക്കിയ 
എത്രയെത്ര വസന്തങ്ങള്‍ 
മണ്ണില്‍ വീണടിഞ്ഞു പോയ
നമ്മുടെ നിഴല്‍ ചിത്രങ്ങള്‍

ഓര്‍ക്കുണ്ടോ.. 
നമ്മൾ 
ഉരുകിയൊലിച്ച ഒരുച്ചയില്‍
ഈർച്ചവാളിന്റെ ഒച്ചകൾ 
കഴുത്തറ്റപ്പോൾ
എന്‍റെ കരുത്തറ്റിട്ടും 
അഴിഞ്ഞു പോയില്ല നമ്മുടെ
ആത്മബന്ധം.
ഞാന്‍ ചുമന്നു നിന്ന 
നിന്‍റെ നെഞ്ചില്‍ കിടന്ന്
അവസാനമായി 
എന്‍റെ ചങ്ക് പിടച്ചതും
കാറ്റ് അത് കണ്ടതും
കരയാനൊരു കാടു തേടി  
നാടു മുഴുവന്‍ അലഞ്ഞതും

നീ അകം നൊന്തു പിടഞ്ഞതും 

മരണക്കണ്ണിലെ എന്‍റെ 
അവസാന കാഴ്ച്ചകൾ

നെഞ്ചിലേറ്റാനൊരു മരമോ 
താലോലിക്കാനൊരു വയലോ 
ഒഴുകാനൊരു പുഴയൊ കാണാതെ 
വറ്റിയുണങ്ങിയ നിന്നെയാണ്
വെയില്‍ വാരിയെടുത്തു 
മരുഭൂമിയുടെ അമ്മത്തൊട്ടിലില്‍
കിടത്തിയത്.

വളര്‍ന്നു വലുതായ് പോയവളെ

ആകാശവും മേഘങ്ങളും
ഇനിയെങ്ങിനെ തിരിച്ചറിയാന്‍..!

3 coment�rios :

3 അഭിപ്രായങ്ങൾ:

  1. മനോഹരമായി മഴത്തുള്ളിയും മരവും തമ്മിലുള്ള ഈ പാരസ്പര്യം! തുള്ളികളെ മാറോടു ചേർക്കാൻ മരവും വയലും പുഴയുമില്ലാതെയാകുന്നുവെന്ന താങ്കളുടെ ആകുലത പങ്കു വെക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത

    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.