പോസ്റ്റുകള്‍

റജബ്

ഇമേജ്
റജബിൽ വിത്ത് വിതയ്ക്കണം
ശഅബാനില്‍ നട്ടുനനയ്ക്കണം
റമളാനില്‍ കൊയ്തെടുക്കണം.

നരകവിമോചനമാണ്
റജബിന്‍റെ അവതാര ലക്ഷ്യം
സ്വര്‍ഗ്ഗപ്രവേശനമാണതിന്റെ
ജീവിത തത്വം
റഹ്മത്തിന്‍റെ സുകൃതികളാണ്
റജബിന്‍റെ സദ്ഗുണങ്ങള്‍.

വാക്കുകള്‍ അളന്നു മുറിച്ചാല്‍
റജബിന്റെ നാക്കില്‍
തേനിനേക്കാള്‍ മധുരം.
വാളുകള്‍ ഉറയിലിടുമ്പോള്‍
റജബിൻ മനസ്സില്‍
സാത്വികന്റെ വിനയം.

സുകരതമായൊരു മൌനത്തിന്റെ
വാചാലമായ അവതരണം.
അപരാധികളുടെ വിചാരണയിൽ
നരകവാതിലുകളിലെ പരിചകൾ.
പാശ്ചാത്താപ വിവശർക്കതൊരു
സ്വര്‍ഗ്ഗ കവാട സ്വാഗതം.

കാലത്തിന്‍റെ ഔദാര്യമാണ്‌
റജബിന്‍റെ കാരുണ്യം.
സമാധാനത്തിന്‍റെ സന്ദേശമാണ്
അതിന്‍റെ ഉള്ളടക്കം.
അപവാദവും പരദൂഷണവുമില്ലാത്ത
അഭിജ്ഞമായ  ഒരു ജീവിതചര്യയുടെ
ആമുഖവും അവതാരികയുമാണ്
റജബിന്‍റെ ബധിരമൂകത.

.

നിദാനം

ഇമേജ്
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.

ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.

സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.

ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.

ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
u

രാമന്

ഇമേജ്
ആയും ഈയും പഠിച്ച കാലം
രാമാ, ഞാനും നീയും
പായും തലയിണയും.

എന്തെല്ലാം ചോദ്യചിഹ്നങ്ങൾ?
എത്രയെത്ര ആശ്ചര്യ ചിഹ്നങ്ങൾ!
നിനക്കറിയാം എന്റെ വള്ളിപുള്ളികൾ
എനിക്കറിയാം നിന്റെ കുത്തുകോമകൾ
നമുക്കിടയിലെപ്പോഴും
ശാന്തിയും സമാധാനവും.

ആന, കുതിര, തേര്, പന്നി, പശു, പോത്ത്,
എലി, പുലി, കൊടി, വടി.. 
അടവുകളും ആയുധങ്ങളുമില്ലാതെ 
നമ്മൾ പഠിച്ച പാഠങ്ങൾ,
ചരിത്രങ്ങൾ, ഇതിഹാസങ്ങൾ..

ഏഴ് നിറങ്ങളിൽ വിരിഞ്ഞപ്പോഴും നമ്മൾ
ഏകസ്വരത്തിൽ പാടി, ജനഗണമനകൾ.
നാലുകാലിലൊരു കൂരയില്ലാതെ
നാടുവിട്ടോടിയ വനവാസകാലങ്ങൾ.

ഭാരതീയന്റെ സ്നേഹ, സഹിഷ്ണുതയെ പോർ മുനയിൽ പൂരിപ്പിക്കുന്നവർക്കൊപ്പം കാവിയണിഞ്ഞു നീകടന്നുവന്നപ്പോൾ
കണ്ണുനിറഞ്ഞെന്‍റെ ചങ്ങായീ..

നിനക്ക് പാർക്കാനുള്ള
മുന്തിരിത്തോപ്പുകൾക്കായ്‌
ദിവസവും ഞാൻ പ്രാർത്ഥിക്കും
ജനിച്ചുവളർന്നൊരീ മണ്ണിൽത്തന്നെ
മരിക്കുവോളം ജീവിക്കും.
u

കോമാളി

ഇമേജ്
കാലമേ
നീയെന്റെ മുഖം വീണ്ടും
ചായം തേച്ചു മിനുക്കുക.

ജീവിതമേ
മറ്റാർക്കെങ്കിലും നിന്റെ
മധുരം വിളമ്പുക.

അനുഭവങ്ങളേ
ഉള്ളിൽ കനൽ കോരി
നിറയ്ക്കുക.

അഭിനയം
ജീവിതമാക്കിയവർക്കിടയിൽ
ഞാൻ
ജീവിതം അഭിനയിക്കുമ്പോൾ
കാണികളേ നിങ്ങൾ
കയ്യടിക്കുക.

ചാരം ചികഞ്ഞു നോക്കരുത്
ലോകമേ
ഒരു ചാവേറായി ഞാൻ
മാറിയാലും.


ചിത്രം:ഗൂഗിൾ
u

വിരല്‍പ്പാടുകള്‍

ഇമേജ്
വിറവിരലുകളില്‍ നിന്നും
മുത്തുകൾ വഴുതിപ്പോയാലും
നിറകണ്ണുകളോടെ ഉമ്മ
ദിഖറുകൾ വര്‍ദ്ധിപ്പിക്കും.

ഇല കൊഴിഞ്ഞ പോലെ നിഴൽ 
അഴലിലാർന്നു നിൽക്കുമെങ്കിലും
വറുതികളെല്ലാം അനുഗ്രഹമെന്നോതുന്ന
തണൽ മരത്തിൻ്റെ  മർമ്മരം.
ഉള്‍മുറിവുകളുടെ നോവിലും
ഉടല്‍ബന്ധങ്ങളുലയാതെ
നെടുവീർപ്പുകളൊക്കെയും ഒതുക്കിപ്പിടിക്കുന്നൊരു
നെടും തൂണിൻ്റെ ഉറപ്പ്.

ജനി,മൃതികളുടെ നൂലടയാളങ്ങൾ
ഋതുഭേദങ്ങളില്‍ മായ്ക്കാത്ത
ജനിതക പ്രകൃതമാണിന്നും
ഉമ്മയില്ലാത്ത വീട്.
നിവര്‍ത്തി നോക്കിയാലിപ്പോഴും നിസ്ക്കാരപ്പായിലൊരടയാളം.
പായോലച്ചുരുളുകൾക്കിടയിൽ
ഉറുമ്പരിക്കുന്ന വിരലനക്കങ്ങൾ.
ഉറങ്ങിക്കിടക്കയാണിന്നും ഉണങ്ങിയൊരു പൊക്കിൾക്കൊടി.
ഉമ്മയുടെ ജപമാലയിൽ നിന്നും
ഒച്ചയില്ലാത്ത ഒരു ഞരക്കം.

ചിത്രം: ഗൂഗിൾu

നേട്ടക്കണക്ക്

ഇമേജ്
പാർട്ടി നേടിയ
വോട്ടിൻ്റെ കണക്കുകൾ
നോക്കിയാൽ
ഭൂരിപക്ഷം ചിരിക്കും
ന്യൂനപക്ഷം കരയും.

വോട്ട് തേടിയ
നോട്ടിൻ്റെ കണക്കുകൾ
കൂട്ടിയാൽ
ഭൂരിപക്ഷം കരയും
ഭരണപക്ഷം ചിരിക്കും.


ചിത്രം: ഗൂഗിൾ
u

കല്ലിൽ പൂത്തത്

ഇമേജ്
നോമ്പ് തുറന്നപ്പോഴൊന്നും
വയർ നിറഞ്ഞില്ല.
ഇത്തിരിപ്പോന്ന ഭക്ഷണത്തളികയിൽ
വെട്ടുപോത്തും മുട്ടനാടും മുക്രയിട്ടില്ല.
വറ ചട്ടിയിൽ നിന്നും കോഴി കൂകാറില്ല.
വാ തുറന്നാൽ ഇനി തിന്നാൻ
വയ്യല്ലോയെന്നോർത്തു തീ തിന്നാറുമില്ല.

കാരക്കകൾ കൊണ്ട്
വ്രതസംതൃപ്തിയടയുന്ന
ദീർഘ ദിനാന്ത്യങ്ങളുടേയും
കുടിനീരുകൊണ്ട് വിശപ്പടക്കുന്ന
അതിശീതോഷ്ണ രാവുകളുടേയും
കനൽക്കഥകളാണ് ഖൻദക്കിലെ
പാറക്കല്ലുകളിൽ പൂക്കുന്ന
പ്രവാചക സ്മരണകൾ.

പൊരിവെയിലറിയാതെ
എരിവയറിൽ വെച്ചുകെട്ടിയ
സഹന ശിലകളൊന്നും
മദീനയുടെ താഴ്വരകളിൽ
മണ്ണിൽ പുതഞ്ഞു പോയില്ല.
അവ വിശ്വാസിയുടെ മനസ്സായി
വിശക്കുന്നവന്റെ അന്നമായി
എന്നും ഭൂമിയിൽ വിളയുന്നു.
വിളവെടുക്കുന്നു.


ചിത്രം: ഗൂഗിൾ
u

ഒരു നുണക്കഥ

ഇമേജ്
പിണങ്ങാതെ പിരിയുന്ന
നോവാണ് മരണം.

പിരിയുമ്പോൾ വിരിയുന്ന
ചിരിയാണ് ജനനം.

ഇണങ്ങുമ്പോൾ പിണങ്ങുന്ന
നുണയാണ് സ്നേഹം.

പിരിയാത്ത പിണങ്ങാത്ത
നിഴലാണ് മോഹം.

ഇണക്കവും പിണക്കവും
ഇഴചേർന്ന ജീവിത
കഥയാണീ ലോകം.


u

സ്മാർട്ട് ഇൻ്റലിജൻ്റ്സ്

ഇമേജ്
കടലിന്റെ വഴിദൂരമുണ്ടെങ്കിലും
കരളേ നിന്റെ സ്നേഹവും കരുതലും തിരകളായെന്നെ തഴുകാറുണ്ടെന്നും.. സ്റ്റാറ്റസിലവൾ കോറിയിട്ടു.
കരക്കടിഞ്ഞൊരു ചത്ത തിമിംഗലത്തിന്റെ
നാറ്റം തോന്നിയിട്ടും
കൈയ്യിൽ കിട്ടിയൊരു ഹൃദയമെടുത്തയാൾ
സൂപ്പർ ലൈക്കിട്ടു.
ഒരിക്കലും തുറക്കാറില്ലാത്ത ഇൻബോക്സിൽ കുടുങ്ങി എങ്ങിനെയെങ്കിലും ഡിലീറ്റാവാൻ കൊതിക്കുന്ന ഏറ്റവും പുതിയൊരു മെസ്സേജ്:
Thank you for using XXXXX Banking.
Avl Bal Rs 0011.11.
u

ഒന്നു , രണ്ട് കവിതകൾ

ഇമേജ്
ഒന്ന്


കൈയും മെയ്,യും മറന്ന
അധ്വാനമാണ്
കഷ്ടപ്പാടില്ലാത്ത
ജീവിതം.

മെയ്,യിൽ
പണിയെടുക്കുന്നവന്
വിയർപ്പും വിശപ്പും ഉണ്ടെന്ന്
ഓർമ്മിപ്പിക്കുന്ന
ഒന്നുണ്ട്.
രണ്ട്
പൂവായും
കായായും
പൂരിപ്പിക്കുന്നുണ്ടെന്നും
കാലമേ നീയൊരു
ജീവാക്ഷര മാലിക.

നീയായും
ഞാനായും
വായിക്കുന്നുണ്ടെന്നും
ജീവിതമേ നിൻ്റെ
മോഹ വിപഞ്ചിക.


u