ഗോപുര വിശേഷങ്ങള്‍

gopurangal

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;  
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍

പകല്‍ക്കിനാവില്‍ പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച   
പൂതനാ ഗൃഹങ്ങള്‍

ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ , 
ചുറ്റിനടന്നു നോക്കിയാല്‍  ചിത്രം ദാരുണം;
കാരുണ്യ രഹിതം.

കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍  
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.

മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ  
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .

മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍  
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.

കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ 
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.

ചിലതിലൊരിക്കലുമുണ്ടാവില്ല 
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍  കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .

14 coment�rios :

14 അഭിപ്രായങ്ങൾ:

  1. "മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ
    ചില ബഹുനില മന്ദിരങ്ങള്‍ .
    അനുഭവക്കടലിലസ്തമിക്കുന്ന
    അഹം ഭാവങ്ങള്‍ ....."
    വിളഞ്ഞു കരുവാളിക്കുന്ന കതിരില്ലാ ജന്മങ്ങളുടെ ബിംബകല്പന അത്യാകര്‍ഷകം.അപ്പോഴും കവി സമാധാനിപ്പിക്കുന്നു -"ചിലതിലൊരിക്കലുമുണ്ടാവില്ല
    ചിതലിന്നാസുര കാമനകള്‍ ."
    അതീവഹൃദ്യതയോടെ വായിച്ചെടുക്കാന്‍ കഴിയുന്ന നല്ലൊരു കവിത സമ്മാനിച്ച പ്രിയ കവിക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !
    കൂടെ വിനീതമായൊരപേക്ഷ.ഈ കവിത നല്ലൊരു പ്രസിദ്ധീകരണത്തിനു അയച്ചു കൊടുക്കണേ.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയം,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും ആത്മാര്‍ഥമായ നന്ദി.
    പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം:താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നില്ല.തുറക്കുമ്പോള്‍ വൈറസിന്‍റെ മുന്നറിയിപ്പാണ് വരുന്നത്.(താങ്കളുടെ ബ്ലോഗിലൂടെ, AJITH എന്നൊ മറ്റോ പേരുള്ള ആരുടെയോ സൈറ്റില്‍ നിന്നുള്ള മാല്‍വയറുകള്‍ പകരുവാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്)എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വേണ്ടത് ചെയ്ത് പരിഹരിക്കുമല്ലൊ.

    മറുപടിഇല്ലാതാക്കൂ
  3. വീടൊന്നു പണിയേണം..
    വിണ്ട കാലു കുത്തി നടന്ന
    വേനല്‍ പോലോരെണ്ണം.
    വിഭ്രമങ്ങള്‍ക്കവധി നല്‍കുന്ന
    വിശ്വാസ ബലമേറ്റിയ..
    വിട്ടത്താല്‍ വിജയം വരിക്കുകില്‍.!!

    മറുപടിഇല്ലാതാക്കൂ
  4. നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാനുള്ള വിവരം എനിക്കുണ്ടോ എന്നറിയില്ല,,എന്തായാലും ഈ വരികള്‍ ഒരു പാട് വായിച്ചു ,,,,ഇഷ്ടായി ....

    മറുപടിഇല്ലാതാക്കൂ
  5. മണ്ണിൽ പിറക്കുമ്പോഴേക്കും
    മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
    മനസ്സിൽ കെട്ടിപ്പൊക്കുന്ന
    നക്ഷത്ര ഗോപുരങ്ങള്‍.....

    അര്‍ഥവത്തായ വരികള്‍, നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  6. കാരുണ്യരഹിതമായ രാക്ഷസഗൃഹങ്ങളല്ല മാതൃകാ ഭവനങ്ങൾ. ദൈവനാമം നിറഞ്ഞു നിൽക്കുന്ന ലളിതങ്ങളാണ്. ഇഷ്ടമായി കവിത.

    മറുപടിഇല്ലാതാക്കൂ
  7. നാമൂസ്‌,
    T.U.ASOKAN,
    faisalbabu.
    ajith,
    ശ്രീനാഥന്‍ ,
    മുല്ല,
    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. രാപ്പകലുകളില്ലാതുള്ളിലൊരു
    കാല്‍ത്തളയുടെ കിലുക്കം.
    പായല്‍ച്ചുമരുകളിലതിന്റെ
    പരിദേവനപ്പഴക്കം.
    നന്നായി

    മറുപടിഇല്ലാതാക്കൂ
  9. കവിത ഇഷ്ടായി.. നല്ല ശൈലി.



    mohammedkutty irimbiliyamന്റെ ബ്ലോഗില്‍ പോവുമ്പോളെനിക്കും ഇതേ പ്രശ്നം കാണിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  10. ചെറിയാക്ക നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  11. നല്ല വരികള്‍ .,ഒരുപാട് ഇഷ്ടപ്പെട്ടു..

    എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  12. ഇഷ്ടമായി താങ്കളുടെ എഴുത്ത് !

    ഇരിമ്പിളിയത്തു എവിടെയാണ് താങ്കള്‍ ?
    ഏകദേശം നമ്മളൊരേ നാട്ടുകാരാ ...

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.