Menu
കവിതകള്‍
Loading...

ഇറ്റ് വീഴുന്നത്..

റ്റുവീഴുന്നു നിലാവിന്റെ തുള്ളികള്‍
ഇത്തിരി വെട്ടത്തിലാടും നിഴലുകള്‍
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .

കണ്ടുവോ, നിന്‍ പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന്‍ രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്‍
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.

കണ്ടുവോ വെഞ്ചിതല്‍ കാര്‍ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര്‍ -
പ്പാടിന്‍ വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?

കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്‍
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന്‍ പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.

ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്‍ 

വെള്ളെഴുത്ത്


ളി ചിരികള്‍ക്കിടയിലഴിഞ്ഞ
കരിനാക്കിന്‍ ഉടയാടകള്‍ 
കിളി കൊത്തിയിട്ടപോലിരുളില്‍ 
ഉതിര്‍ന്ന മറു വാക്കുകള്‍ 
വരണ്ട മനസ്സില്‍ വീണൊടുവില്‍  
പിടയും പ്രാണന്‍റെ തുടിപ്പുകള്‍ 

ഉദയാസ്തമനങ്ങള്‍ക്കിടയില്‍ 

അതിരുകളില്ലാത്ത പകലുകള്‍  
ഉടല്‍ വീടിന്റെ പെരുങ്കോലായില്‍  
ഉന്മാദം വിളമ്പുന്ന  ഓര്‍മ്മകള്‍  
പിരിഞ്ഞു പോയ കാഴ്ച്ചകളില്‍  
വഴുവഴുക്കുന്ന സ്വപ്‌നങ്ങള്‍      
വിരലില്‍ പിണയും പിഴകളില്‍  
എരിവും പുളിയും മറന്ന രുചികള്‍ 
കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍ 
കടിച്ച കല്ലിന്‍ മുറിവുകള്‍ 

ഒരു കഥയാവാന്‍ കൊതിച്ചതും 

ഒരു കവിതയാകാന്‍ കൊതിച്ചതും  
ഒരു നെരിപ്പോടായ് പുകഞ്ഞതും 
ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും 
മണല്‍ത്തരികളില്‍ കുതിരുമ്പോള്‍  
പെരുവിരലിന്‍റെ വിറകള്‍ 

 
ചിത്രസംയോജനം ഗൂഗിള്‍ 


പ്രണാദം
വെയിലിന്റെ വെളുപ്പില്‍  
കടലിന്റെ പരപ്പ്‌. 
കടലിന്റെ പരപ്പിൽ  
കാറ്റിന്റെ ചിറക്‌.

കാറ്റിന്റെ ചിറകിൽ  
കാറിന്റെ കറുപ്പ്.  
കാറിന്റെ കറുപ്പിൽ 
മഞ്ഞിന്റെ തണുപ്പ്. 

മഞ്ഞിന്റെ തണുപ്പില്‍ 
മലയുടെ കരുത്ത്. 
മലയുടെ കരുത്തില്‍
മഴയുടെ കൊലുസ്.

മഴയുടെ കൊലുസില്‍
മരത്തിന്റെ തളിര്.
മരത്തിന്റെ തളിരില്‍
മണ്ണിന്റെ മനസ്സ്.

മണ്ണിന്റെ മനസ്സില്‍
മാതാവിന്‍ കുളിര്.

ഗോപുര വിശേഷങ്ങള്‍

gopurangal

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;  
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍

പകല്‍ക്കിനാവില്‍ പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച   
പൂതനാ ഗൃഹങ്ങള്‍

ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ , 
ചുറ്റിനടന്നു നോക്കിയാല്‍  ചിത്രം ദാരുണം;
കാരുണ്യ രഹിതം.

കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍  
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.

മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ  
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .

മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍  
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.

കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ 
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.

ചിലതിലൊരിക്കലുമുണ്ടാവില്ല 
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍  കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .

കടലാഴം

ആഴം കവിത 
ഓർമ്മകളുടെ
തിരുവോണപ്പുലരിയില്‍
ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ
തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ
പൊൻ തിളക്കം.

മനസ്സിൻ നടുമുറ്റത്തു വരച്ച
വാടാപ്പൂക്കളത്തിനിപ്പോഴും  
അയൽപ്പക്കത്തെ
ഒരമ്മച്ചിരിയുടെ
മുഖവട്ടം.

പൂമുഖത്ത് വിളമ്പിവച്ച
വാഴയിലയിലെ
വിഭവസമൃദ്ധികളിൽ
വായിൽ വെളളമൂറുന്ന
വാൽസല്യക്കൊതി. 

ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്‍
ശിരസ്സു നമിച്ചു തന്നെ കടക്കണം.

സ്നേഹത്തിന്റെ തുളസീസുഗന്ധവും
നന്മയുടെ സൂര്യദീപ്തിയുമുള്ളപ്പോള്‍
തുറന്ന നിലവറയില്‍ നമുക്ക്‌
കടന്നു കയറാനെളുപ്പം.

അച്ചില്‍ വാര്‍ത്തപോലൊരു
ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല.

മരപ്പെയ്ത്ത്

 
ളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും    
ശിരോസിരകളില്‍ തുളച്ചുകയറിയും    
സഹനങ്ങളില്‍ നിറയുന്ന     
ഋതുഭേദസങ്കടങ്ങളില്‍ .  
                                                         
പുലർന്നു കൊണ്ടേയിരിക്കുന്നു,  
മഴപ്പകലുകളാണെങ്കിലും 
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,          
പൂവിരിയും ലാഘവത്തോടതില്‍          
പുതിയ പുതിയ പകലുകള്‍ . 
                                                     
കാറ്റടിച്ചുഴലുമ്പോഴും 
കേട്ടുകൊണ്ടിരിക്കുവാന്‍    
വിങ്ങുമകക്കാടുകൾക്കുള്ളില്‍             
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
 
ഓരോരോയിടങ്ങളിൽ  
ഒരോരോയിഷ്ടങ്ങളില്‍              
വാടിപ്പഴുക്കാനലിവിന്റെ   
പൂക്കളും കായ്കളും.   

അടിവേരില്‍ തൊടുന്ന                        
ചിതലിന്‍റെ വിരലിനെ                                
ഉടനീളമുണക്കുന്ന വെയിലിനെ            ‍    
മലവേടന്‍റെ മൌനപ്പെരുക്കങ്ങളെ 
അവഗണിക്കുമ്പോളാടുന്നതിൻ    
ചില്ലയിൽ ചിരിമൊട്ടുകള്‍                   

ചിന്തകളെത്ര കാടുകയറിയാലും   
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല                                
വേടിറങ്ങിയ നിലനില്‍പ്പിലും             
വേരുറച്ചതാണതിന്‍  വേദനകള്‍               
ഉതിര്‍ന്നു വീഴാന്‍  കഴിയാതെ             
നെടുവീര്‍പ്പുകളില്‍ നിറയും 
ഉള്‍വിലാപങ്ങള്‍ .  
               
പൂവും കായും കൊഴിഞ്ഞാലും          
ചില തള്ളമരങ്ങളിങ്ങനെ 
വളര്‍ന്നു പന്തലിക്കുന്നു.     
തണലുകൊണ്ടും 
നിഴലുകൊണ്ടും   
കരിയിലകള്‍ കൊണ്ടുമൊക്കെ                                  
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,             
മണ്‍തരികളില്‍  കിളിര്‍ത്തുവരുന്ന                
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .                 

മധുരിക്കുന്ന ഓര്‍മ്മകള്‍

 aayurvvedham (110x110)
അരിയാറ്..ജീരകം മൂന്ന്..
കരപ്പന്‍പട്ട..മുലപ്പാവ്..
അറിയാതെ നാവിന്‍റെ  തുമ്പില്‍  
നാട്ടറിവിന്‍റെ ചെറുതേനുറവ്.

അരിയാറല്ലിന്നതിലധികം
അളവില്ലതിന്‍ വ്യാപാരം
അരിയുന്നുണ്ടുടനീളമുലകം  
അയക്കുന്നുണ്ടുടലോടെ സ്വര്‍ഗ്ഗം.
അറിയുന്നതങ്ങാടി നിലവാരം

പണ്ടുപണ്ടങ്ങാടിക്കാലം
പഴയൊരു മുത്തശ്ശി പ്രായം
വൈദ്യന്റെ ചുണ്ടില്‍
വയറ്റാട്ടിച്ചുണ്ടില്‍
*അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം.. 
ഇളനീര്‍ കുഴമ്പ്..

അരുളുന്നതുള്ളിലൂറുന്ന  
അമൃതുപോലുള്ള മൊഴികള്‍    
അതിലരിയാറിന്‍ കയ്പ്പും ചവര്‍പ്പും         
അലിയാത്ത കൽക്കണ്ടത്തുണ്ടും.

*അരിയാറ് കഷായം.പണ്ട് കൊച്ചുകുട്ടികള്‍ക്ക് സര്‍വ്വസാധാരണമായി കൊടുക്കാറുണ്ടായിരുന്ന ഒരു ആയുര്‍വ്വേദ ഔഷധം .
(ചിത്രം ഗൂഗിളില്‍ നിന്ന് )മനുഷ്യപര്‍വ്വം


വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍ 
വന്മലകള്‍ ചുമന്ന് തിരിച്ചെത്തുമ്പോള്‍ 
അനുനിമിഷം ഉദിച്ചുയരുന്നുണ്ട് 
അനന്തവിസ്മയങ്ങളില്‍ 
അഗ്നിജന്മനക്ഷത്രങ്ങള്‍ .
അമരനാവാനുള്ള  
മനുഷ്യമഹത്വം മനസ്സിലാക്കിയവ 
ഭൂമിയുടെ ആകര്‍ഷണവലയത്തില്‍  
ഒരു മനുഷ്യയൌവ്വനത്തിനു കൊതിച്ച്      
അനവരതമലയുന്നു.

അസുരനാവാനുള്ള     
മനസ്സിന്‍ ജഡത്വം തിരിച്ചറിഞ്ഞവ
മനുഷ്യഭൂമികയെ ഭയന്ന്             
ഒരജ്ഞാത ക്ഷീരപഥം തേടി
പ്രകാശവേഗത്തിലകലുന്നു. 

പ്രപഞ്ചസമേതം 
വളര്‍ന്നു വലുതാകുന്നുണ്ട്,
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .


    

ചിതലരിക്കാത്ത വാക്കുകൾ


ചില അടുക്കളച്ചുമരുകളിൽ 
ചെവി ചേർത്തു വച്ചാലറിയാം 
അതിലുണ്ടാകുമൊരമ്മിയുടെ 
എരിപൊരി സഞ്ചാരം.

അകത്തു പുകയുന്നുണ്ടാകും 
ആറിയൊരടുപ്പിലെക്കനൽ
കൺതടങ്ങളിൽ ‍വറ്റിയതെല്ലാം
കളിമൺ‍കലങ്ങളിലെ കരി. 


ചിതറിയ വാക്കിൽ  നോക്കിൽ 
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ ‍കത്തി ചിരവ..ഏതിലും   
ചാരം പുതപ്പിച്ച  പനി.


മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും 
നടുത്തളത്തില്‍  മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.


വാരിയെല്ലുകളെത്ര  തെളിഞ്ഞാലും 
ഒരിടവാതിലിലൂടെയും     
ആവലാതിയുടെ അലമുറകൾ 
പൂമുഖത്തേക്കിറങ്ങിവരില്ല.


എപ്പോഴും കാണാൻ  പാകത്തിൽ 
എണ്ണ വറ്റിയൊരു ചിരി. 
എന്തെങ്കിലും വായിക്കാൻ ‍ പരുവത്തിൽ 
എല്ലാം ഒതുക്കിയ മൌനം


നീതി പൂർ‍വ്വമത്
വിലയിരുത്തപ്പെടുമ്പോൾ 
ചില കല്ലുമനസ്സുകളിലെങ്കിലും 
കടല്‍പ്പെരുക്കങ്ങളുണ്ടാകും.


മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ 
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ ‍ മാത്രം. 

 

റസ്താക്

സ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്‍റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.

വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്‍റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്‍റെ മലനിരകള്‍ .

ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച 
നിന്‍റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും? 

അസ്സലിന്‍റെ മധുരവും
ബുഖൂറിന്‍റെ സുഗന്ധവും
നിന്‍റെ സംസ്കാരപൈതൃകം.
ഫലജിന്‍റെ സംശുദ്ധിയോടെ  
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു 
നിന്‍റെ കാരുണ്യസ്പര്‍ശം. 

ഋതുഭേദത്തിന്‍റെ പച്ചപ്പിലും
പത്തരമാറ്റിന്‍റെ പവന്‍ തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്‍റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ      
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ 
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.

റസ്താക്ക്.. നിന്‍റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .


റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്‌/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്‍/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്‍റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.

കല്‍പ്പാന്തം

യാത്ര മണ്ണിലേക്കെന്നറിയുമ്പോഴെല്ലാം  
ആനന്ദക്കണ്ണീര്‍ തൂകുന്ന മേഘങ്ങള്‍ . 

മുന്നിലെത്തുമ്പോഴൊക്കെ നമ്മളതിനെ 
മഴയെന്നു പറഞ്ഞു പുകഴ്ത്തി!
കണക്കില്‍  കവിഞ്ഞപ്പോളെല്ലാം
മഹാമാരിയെന്നു തിരുത്തി!

കടലില്‍ ചെന്നെത്താനുള്ള കൊതിയില്‍
തടയണകള്‍ താണ്ടുന്ന ധൃതിയില്‍ 
അറിയുന്നുണ്ടായിരുന്നതു, തന്നെ  
പുഴയെന്നു പുകഴ്ത്തിയവര്‍ക്കുള്ളിൽ   
പൂഴ്ത്തിവച്ച ചതിക്കുഴികള്‍ .

കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും 
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും        ‍ 
അതു തിരിച്ചറിഞ്ഞുകൊണ്ടിരുന്നു,  
കരകയറാനുള്ള ചില മോഹങ്ങള്‍ 
ഉപ്പുപാളികളിലൊളിപ്പിച്ചു വച്ച
കടലിന്‍റെ കാത്തിരിപ്പുകള്‍ .

മണ്ണിലേക്കായാലും മനുഷ്യരിലേക്കായാലും
ഇടിവെട്ടിപ്പെയ്യുന്നൊരാണവമേഘത്തിനൊപ്പം 
ഇടക്കിടക്കിങ്ങിനെയണിഞ്ഞൊരുങ്ങുമ്പോള്‍ ,
ആനന്ദക്കണ്ണീരില്ലതിന്നുള്ളില്‍ .

തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.
 


  

അയിലത്തല


തുമുഖത്തൊളിച്ചിരിപ്പുണ്ടാകും 
തിരകള്‍ക്കിടയിലെന്നും 
വലവീശിയവരുടെ വിരലടയാളങ്ങള്‍ 
പതിഞ്ഞൊരു വന്‍കടല്‍ .

മണത്തു മണത്തു നടക്കുന്നുണ്ടാകും 
എപ്പോഴുമൊരുപ്പുകാറ്റില്‍ ,
വിലപേശിയവരുടെ 
വിയര്‍പ്പും വായ്നാറ്റവും.

വഴിപോക്കന്‍റെ തെറി‍, തുപ്പല്‍ 
ഒക്കെ മനസ്സില്‍ പറ്റിപ്പിടിക്കുമ്പോള്‍ 
ഒരയിലത്തലക്കതെല്ലാം എളുപ്പം 
തിരിച്ചറിയാന്‍ കഴിയും.

ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും 
കിടത്തിപ്പൊറുപ്പിക്കാത്ത 
കാക്ക,പൂച്ചകള്‍ .
കഴുത്തടക്കം കണ്ടിച്ചിട്ടും 
കലിയടങ്ങാത്ത കത്തിപ്പകകള്‍ 
എല്ലാമെല്ലാം 
അതെണ്ണിയെണ്ണിപ്പറയും.

ഒടുവിലെല്ലാവരേയും 
തൊട്ടു തൊട്ടു കാണിക്കും.
ഒരോട്ടുകിണ്ണത്തില്‍ 
മണിമുട്ടിപ്പാടുന്നുണ്ടതിന്‍റെ 
പെരുവഴിക്കാഴ്ച്ചകളില്‍ 
പിന്നെയും ചിലതെല്ലാം.
കാകായെന്നും 
മ്യാവൂമ്യാവൂയെന്നും.

അരങ്ങിലേക്കൊ
അടുക്കളയിലേക്കോയെന്നറിയാത
ഫ്രീസറില്‍ നിന്നെടുത്തു 
പൊരിവെയിലത്തിട്ടതിന്‍റെ 
ഒരുണക്കം മാത്രമാണപ്പോള്‍ 
അതിന്‍റെ മുള്ളിന്‍റെയുള്ളില്‍‍ .

പകല്‍പ്പൂരം

യലിന്‍റെ കരയില്‍  
വെയിലിന്‍റെ കുടയില്‍
പെരുമയുടെ  പൂരം.

ആനകള്‍ കുതിരകള്‍
കാളകള്‍ തേരുകള്‍
ആണ്ടികള്‍ ചോഴികള്‍
കാളിമാര്‍ ദാരികര്‍ 
പൂതം തിറ തെയ്യം 
ഒരുമയുടെ പൂരം.

പഞ്ചവാദ്യത്തില്‍ 
പഞ്ചാരിമേളത്തില്‍
പാടിപ്പതിഞ്ഞ
പഴഞ്ചൊല്ലുകള്‍ .
ചെണ്ടയില്‍ താണ്ഡവം
മര്‍ദ്ദള സാന്ത്വനം.

കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം,
ശാഖാശിരങ്ങളില്‍
പരിദേവനങ്ങള്‍ .
അവരോഹണങ്ങളില്‍
പഴയൊരു പൂരം, 

അപചിതമായൊരുകാലം
സല്‍പഥരാം പുരുഷാരം
ഉല്‍ഫുല്ലമോര്‍മ്മകള്‍
ഉള്ളിലക്കാഴ്ച്ചകള്‍ .

കാവുകളുടെ  പാലാശം
പൂക്കളുടെ സോല്‍പ്രാസം
കിളികളുടെ  സംരാവം.
പൊരുളുകളുടെ പൂരം.

കതിരാടും വയലില്‍
കായ്ക്കറിയുടെ ഞാലില്‍ 
വാഴയില്‍  തെങ്ങില്‍ 
കമുകില്‍ മുളകില്‍
ഉപചരിത പൂരം.

ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍  
കാവില്‍ കവലയില്‍  
മുളയിട്ട ഭഗവതീ 
കഥകളുടെ പൂരം.

പഴമയുടെ  പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.
സ്വപ്നങ്ങളുടെ ഇരകള്‍

റങ്ങുന്നവര്‍ക്കിടയില്‍
ഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.

ചിതലരിച്ചു കഴിഞ്ഞ 
പുറ്റുകള്‍ ചികഞ്ഞാല്‍ 
ഒരറ്റവുമില്ലാത്ത  
ഭൂതവും ഭാവിയും. 
പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ 
ഒരെണ്ണമയമില്ലാത്ത
സന്ധ്യാ വര്‍ണ്ണനകള്‍ .
പണ്ടത്തെ പകലുകളിലേക്കൊരു
പ്രകാശത്തിന്‍റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്‍റെ തീഷ്ണത.
ചിലപ്പോള്‍ ,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍ .
കാല്‍ക്കുട ചൂടിയ കുഞ്ചുണ്ണി മാഷും
മുല്ലപ്പൂ ചൂടിയ ദാക്ഷായണി ടീച്ചറും
പുകമറക്കകത്തുനിന്നും
പുറത്തേക്കിറങ്ങുന്നു.
പൊടിവലിച്ചു മുഖം ചുവപ്പിച്ച്
വൈകിയെത്തിയവനെ വലത്തിട്ടു
മാധവന്‍ മാഷിന്‍റെ വീറോടെ 
വള്ളിച്ചൂരലിന്‍റെ കീറ്.

പുറപ്പെട്ടയിടത്തേക്കു തന്നെ     
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍ 
ഉള്ളടക്കങ്ങളില്‍ 
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍ .


ഒരു നെരിപ്പോടിന്‍റെ നേര്‍പ്പതിപ്പ്ല്ലനടപ്പിനു നമ്മളുണ്ടാക്കിയ
നാട്ടുവഴികളിപ്പോള്‍
നായാട്ടുസംഘങ്ങളുടെ
ദേശീയപാതകള്‍ .
ടിപ്പറിനും റിപ്പറിനും
ഒരേ വേഗം 
തമിഴനും തെലുങ്കനും
ഒരേ ഭാവം
മലയാളിക്കും മലയാഴം.
മലമറിച്ചും, പുഴയരിച്ചും
വയല്‍ നിറച്ചും മലയാലം.

ബംഗാളിയും ബീഹാറിയും
ക്വാറികളില്‍ ഭായീ ഭായീ
ഇരുട്ടില്‍ നിരത്തുമുറിച്ചാല്‍
കഴുത്തറുക്കുന്ന ക്യാഹെ ഭായി.
കൊടികളുടെ നാല്‍ക്കവലകളില്‍
കോഴിപ്പോരും ചേരിപ്പോരും.
മലയോളം വളരും പലരും
മഞ്ഞുപോലുരുകും ചിലരും.
   
പകല്‍ വണ്ടികള്‍ വൈകുന്തോറും
പാളം തെറ്റുന്ന കാലുകളില്‍
പുലരുംവരെ പിന്തുടരപ്പെടും
പാവങ്ങളില്‍ പാവങ്ങള്‍ .
വഴികളരിച്ചുപെറുക്കിയൊരു
വനസ്പര്‍ശം തിരിച്ചറിയുമ്പോള്‍
ഇരയിരിക്കുന്ന കൂട്ടില്‍ ചിലര്‍
വലവിരിച്ചു കഴിഞ്ഞിരിക്കും.

(വഴിക്കണ്ണുമായ് കാത്തിരുന്ന
ഒരമ്മമനസ്സിന്..        
ഒരു നെരിപ്പോടിന്‍റെ 
നേര്‍പ്പതിപ്പാണിപ്പോഴവര്‍ )

നല്ലനടപ്പിനുള്ള വഴികളില്‍
നാമെപ്പോഴും നടുവിലോടും.          
നരച്ച തലക്കകത്തപ്പോഴുമൊരു 
നഗരത്തിന്‍റെ തിരക്കും കാണും. 
 

ഒരുപാട്
ഒരു  മഴപെയ്താലും പാട്
പെരുമഴ  പെയ്താലും പാട്
പുര  പെയ്താലതിലേറെ പാട്
പുറത്തറിയും മുറിപ്പാട്.

ഒരുപിടിയരിയുടെയന്നം
അതു വച്ചുവിളമ്പുന്ന ജന്മം
അരി വെന്തുതീരാനും പാട്
അകം വെന്താലാറാനും പാട്.

ഒരു പനി കൂടെയുണ്ടെന്നും
മറുപടി വായിലുണ്ടെന്നും
പണിതരുമ്പോളൊരുപാട്
പണം തരുമ്പോള്‍ വഴിപാട്

ഒരു  പൊന്നിന്‍ ചിരിയുണ്ട് കാതില്‍
ഒരു കോടിക്കസവുണ്ട് നെഞ്ചില്‍
പുര നിറഞ്ഞോളെന്നു പേര്
തല തിരിഞ്ഞോളല്ല,നേര്.

വല്ലോരും വന്നാലും ചോദ്യം 
നല്ലോരു വന്നാലും ചോദ്യം 
എന്തു കൊടുക്കുമെന്നാദ്യം 
എല്ലാം കൊടുക്കുവാന്‍ മോഹം.

ചോദ്യങ്ങള്‍  പുരവട്ടം ചുറ്റും 
ഉത്തരം പലവട്ടം മുട്ടും.
ഉത്തരം കാണുമ്പോള്‍ ഞെട്ടും 
ഉള്ളിലെ കെട്ടെല്ലാം പൊട്ടും.

ഒരുമുഴം കയറപ്പോള്‍ കണ്ണില്‍ 
ഒരു ഭയം കടലോളമുള്ളില്‍
വീണ്ടും വിചാരമുദിക്കും,ഒരു
വിശ്വാസമുള്ളില്‍ പുതുക്കും 

ഇഹലോകം വാടകവീട്
പരലോകമെന്‍ തറവാട്.


പരിണാമം

കലില്‍ പൊള്ളും
അനുഭവങ്ങള്‍  
രാത്രിയില്‍ പുത്തന്‍
പരിഭവങ്ങള്‍
മഴയില്‍  മഞ്ഞില്‍ കാറ്റില്‍
പൊതു പരാതികള്‍
കാലത്തിന്‍റെ വഴികളില്‍
കലിയുടെ പ്രളയച്ചുഴികള്‍
കയങ്ങളില്‍ താഴുമ്പോള്‍
കരങ്ങളില്‍ ജീവാനുഗ്രഹങ്ങള്‍ .

പച്ചപിടിച്ച ജീവിതമൊരു 
പരീക്ഷണശാലയില്‍
കിടന്നു  പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍ .

ഒടുവില്‍ ,
മിന്നലിലാകാശമുരുകാത്തത്
ഇടിനാദത്തിന്‍റെ ചുണ്ടുകള്‍
ദൈവത്തോട് 
യാചിക്കുമ്പോഴാണെന്നു
തിരിച്ചറിയുമ്പോള്‍
ഒരു പൂമരപ്പൊക്കത്തില്‍  നിന്നും
താഴേക്കുതിര്‍ന്നു വീഴുന്നു.
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം 
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.  
Powered by Blogger.