5/14/13

നേര്‍ക്കാഴ്ച്ചകള്‍


ണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന  
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന   
കുന്നുകളില്‍ തിരയുക.  
മയില്‍പ്പീലികള്‍ ചൂടിയ
മൊട്ടത്തലകള്‍ മാത്രം.

മരിച്ചു കൊണ്ടിരിക്കുന്ന 

ഗ്രാമങ്ങളില്‍ നോക്കുക.
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍ 
അവയുടെ രാപ്പകലുകള്‍ 
ഒളിച്ചു കടത്തുന്നു.
വിറങ്ങലിച്ച മണ്ണില്‍ 
വേരാണ്ടുപോയ നാട്ടുമരങ്ങള്‍ 
മഴക്കാടുകളയവിറക്കുന്നു.

വഴിക്കണ്ണുകള്‍ തുറന്നാല്‍
കത്തിയ വയലിലും
വറ്റിയ പുഴയിലും 
തിമിര,പാതാളക്കാഴ്ച്ചകള്‍  
   
പുലരിയില്‍ ചിലപ്പോള്‍  
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്‍റെ വിരലുകള്‍ 
നിലാവില്‍ കേള്‍ക്കാം   
കിളിക്കൂടുകള്‍ക്കുള്ളില്‍ 
മുറിവേറ്റ നിലവിളികള്‍ 

മക്കളുടെ കളിവീടുകളും

മണ്ണപ്പം ചുട്ട 
കണ്ണന്‍ ചിരട്ടകളും തിരഞ്ഞു  
ജീവിതം തുഴയുന്ന 
ഒരമ്മയെക്കാണണമെങ്കില്‍ 
പിണങ്ങിപ്പോയതെല്ലാം വീണ്ടും 
പിച്ചവച്ചു തുടങ്ങണം.


4/18/13

വഴിമരങ്ങള്‍



വെളുത്താല്‍ വെയില്‍പ്പേടി
കറുത്താല്‍ ഉയിര്‍പ്പേടി 
ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍
ഉറക്കമില്ലാത്ത മരങ്ങള്‍

കാറ്റിന്റെ നാവിലെപ്പോഴും
കാടുകയറുന്ന ഭീഷ്മം
വെയിലിന്‍റെ കണ്ണിലുടല്‍
വെന്തുരുകുന്ന ഗ്രീഷ്മം 

വിണ്ണില്‍ മേഘരോഷങ്ങള്‍
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍ 
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍ 

മുള്ളുള്ള മുഖസ്തുതികള്‍ 
മൂര്‍ച്ചയുള്ള കൈപ്പിഴകള്‍ 
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍ 

കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്‍ക്കുന്ന 
കുറുനരികളുടെ വ്യൂഹം

വെളുത്താലും കറുത്താലും
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.

ചിത്രങ്ങള്‍ ഗൂഗിള്‍ 

3/9/13

ഇലയിലെ വായന


ഈ നില്‍പ്പില്‍
എല്ലാ ഇലയിലും
വേദനയും അതിന്‍റെ 
വേവലാതിയും

കടക്കലും തലപ്പിലും
കണ്ണിലും കാതിലും

കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും

പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍ 
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍  

വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും

ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന് 
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില്‍ നിന്നൊരു
തുള്ളി..


കാരുണ്യത്തുള്ളികള്‍

മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന 
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

3/7/13

വാനസ്പത്യം


കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.




2/24/13

തൊടുന്നവരും വാടുന്നവരും











മറന്നു പോയവരോ 
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.

വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.

ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍ 

വാക്കുകള്‍ 
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍ 
അളന്നു നോക്കിയാല്‍ 
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍ 
അഴിച്ചുനോക്കിയാല്‍ 
തുറന്നു വിടപ്പെട്ടവരേക്കാള്‍ 
ശക്തി കാട്ടും.

മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍ 
മാലാഖയോ
ചെകുത്താനോ ആവില്ല.

തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ. 


2/12/13

നാട്ടുകാഴ്ച്ചകള്‍



പൂക്കാലം
മുറ്റത്തെ മുല്ലയില്‍
മുല്ലപ്പൂ വിപ്ലവം.
മുകളിലെ ചില്ലയില്‍
മര്‍ക്കട താണ്ഡവം.

കുരുത്വം
മുന്നിലൊരു മുതുനെല്ലി
മുച്ചൂടും കായ്ക്കുമ്പോള്‍ 
മുതുകിലൊരു കുരുനെല്ലി
മൂത്തു പഴുക്കുന്നു.

കുട്ടിത്തം
കയ്യില്‍ ഐസ്ക്രീം
കണ്ണില്‍ ഐ ക്ലീന്‍

ഭാരോദ്ധ്വഹനം
വീതം വച്ചപ്പോള്‍
അച്ഛന്‍
ഏട്ടന്റെ ഭാഗം.
അമ്മ
അനുജന്റെ ഭാഗം.
വീതം വിറ്റപ്പോള്‍
അച്ഛനും അമ്മക്കും
ജീവിതം ഭാരം.

എളുപ്പവഴി 
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം. 

കെട്ടുപാടുകള്‍
മകന്‍ വലുതായപ്പോള്‍
പെണ്ണു കെട്ടിച്ചു.
അവന്‍ വലുതായപ്പോള്‍
മിന്നു പൊട്ടിച്ചു.

12/9/12

കൊത്തിവക്കപ്പെട്ട ജന്മങ്ങള്‍












രുവീട്ടിയുടെ തടിയിലാണ്
മൂത്താശാരിയുടെ പണി.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
കണ്ണുപറ്റുന്ന കൊത്തും പണിയും
നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും
ഊണുമേശയുടെ മുഖവട്ടം.

നടുത്തളത്തില്‍ എടുത്തിട്ടാലതില്‍ 
നഗരത്തിലെ തിരക്കു തുടങ്ങും
പകലും രാത്രിയുമെല്ലാം
പഞ്ചനക്ഷത്രത്തിളക്കം
വിഭവസമൃദ്ധിക്കു നടുവില്‍ 
വിസ്താര ഭയമുള്ള കിടപ്പ്
ഘടികാരസൂചികള്‍ക്കിടയില്‍  
ഗതകാലസ്മരണകളുടെ കിതപ്പ്.

ഊണുമേശയിലെ ഉളിത്തിളക്കത്തില്‍

വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍ 
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും

ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും 
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍   
പട്ടും വളയും കിട്ടിയ ചിരി മാത്രം.