Menu
കവിതകള്‍
Loading...

വാസന്ത സ്മൃതികള്‍രു മണ്‍ചിരാതു
                    പോലെരിയും പകലിന്‍റെ         
നെറുകില്‍ വീണ്ടും കടല്‍
                    ചുംബനം ; സഗദ്ഗദം.
ഒരു വേപഥുവോടെ 
                    തുളുമ്പി നഭസ്സിന്‍റെ
മിഴികള്‍ നിറസ്സന്ധ്യ
                    യണിഞ്ഞ വഴിനീളെ 
മലര്‍ച്ചെമ്പകത്തിന്‍റെ 
                    തണലില്‍ വലം വച്ചു
കിളിക്കൊഞ്ചലോടന്തി 
                    വെയിലിന്‍ യാത്രാ മൊഴി.
പതിരായ്‌പ്പോവില്ല നിന്‍
                     പ്രാര്‍ത്ഥന , കതിരിട്ട
പവിഴപ്പാടങ്ങളെ
                    ത്തഴുകി തെന്നല്‍ മൊഴി.
പിരിയാന്‍ ഒരു മാത്ര 
                    ശേഷിക്കെ , മുകില്‍ പാതി 
മറച്ച നിലാവിന്‍റെ 
                    മുഖം നീര്‍ക്കണങ്ങളില്‍ .
പുലരാന്‍ ഒരു രാവു
                    ണ്ടെങ്കിലും ഇനി നിന്‍റെ
കിനാവില്‍ , പകലുകള്‍ 
                    നക്ഷത്ര ദൂരം താണ്ടും.
പതിവായ്‌ തേടും മേഘ 
                    വഴികള്‍ , ജലസ്മൃതി
നുകരും വേഴാമ്പലിന്‍
                    ഹൃദയ വ്യഥയോടെ.
നിദ്രയില്‍ ദേശാടന
                    പ്പക്ഷിതന്‍ ചിറകടി..
നിന്‍ മൌന ഗര്‍ത്തങ്ങളില്‍
                   നിളതന്‍ എങ്ങലടി.
പിന്നെയും പുലരികള്‍ ,
                  ഉരുകും പകലുകള്‍
പിമ്പറ്റിയെത്തും വര്‍ഷ
                   രാത്രികള്‍ ; വസന്തവും.
വിദുര രാഗം മൂളി
                    യൊഴുകിത്തെളിയുമ്പോള്‍
വിബുധ നക്ഷത്ര 
                    മന്ദസ്മിതം നിളയിലും.
അതിരു കാണാക്കട
                    ങ്കഥകളിലൂടന്നു
പറന്നു പോകും ; പോയ 
                    പുഴകള്‍ തിരഞ്ഞു നാം.
അതുവരേക്കുമെന്‍റെ 
                    പകലിലെരിയുവാന്‍
മധുരമാമീയൊരു 
                     സ്മരണമാത്രം മതി.
പതുക്കെച്ചാഞ്ഞെന്‍ 
                     വെണ്ണിലാവേ നീ വിരിക്കുക
ഉറക്കപ്പായൊന്നെന്‍റെ 
                     ഉണ്ണിയെക്കിടത്തുവാന്‍.

സുപ്രഭാതം

മുവ്വാണ്ടന്‍ മാവിന്‍റെ
ചില്ലയിലിരുന്നൊരു 
മുളം കിളി കരഞ്ഞു.
കാറ്റിലാടുന്ന  കൂടും
കൂട്ടിനാകാശമില്ലാത്ത 
കുഞ്ഞുങ്ങളും.
കിളിക്കൂട്ടില്‍ 
കൊതികയറുമ്പോള്‍  
പ്ലാക്കൊമ്പിലൊരു
കാക്കക്കരച്ചില്‍ .
കൊത്തിപ്പെറുക്കാന്‍
വേണ്ടതെല്ലാം 
തെങ്ങിന്‍ ചോട്ടില്‍ .
പക്ഷെ
വെട്ടിവിഴുങ്ങുന്നതു
പട്ടിപ്പേടി.
പിറകിലൂഴം കാത്തു 
മീശ മിനുക്കുന്ന
കരിം പൂച്ച.
പൂച്ചമുഖത്തു
കുറുക്ക നോട്ടം കണ്ടു
കൊക്കിപ്പിരാകുന്ന
തള്ളക്കോഴി.
മരപ്പൊത്തിലിരുന്നു 
കരയുന്ന തവളക്കപ്പോള്‍
മരണ  ഭയം.
കല്ല്‌ വന്നപ്പോള്‍
കാക്ക പറന്നു.
പട്ടിയോടി.
കോളൊത്തപ്പോള്‍
കോഴിയും പൂച്ചയും
ഒന്നായി.
തവളക്കരച്ചിലിനറുതി.
കൊക്കു കൊമ്പില്‍ മിനുക്കി
കിളി ചുറ്റും കണ്ടു.
പിന്നെ താമസിച്ചില്ല , 
ഉണരാന്‍ വൈകിയ 
ഒരിലതീനിപ്പുഴുവിനെ
കൊത്തിയെടുത്തു
സ്വന്തം കൂട്ടിലേക്ക്.
നടുമുറിഞ്ഞു 
പുഴു പിടയുമ്പോള്‍
കുഞ്ഞുകിളികളുടെ
പ്രഭാതം.

നൂല്‍പ്പുഴകള്‍മുട്ടിനു താഴെ ഒഴുകുമ്പോള്‍
അഴിമുഖം നഷ്ട്പ്പെട്ടവന്‍റെ പുഴ
ഒരു കരയിലും മുട്ടില്ല.
അതിജീവനത്തിന്‍റെ ചാലുകളില്‍ 
എന്തൊക്കെ അടവുകള്‍ പയറ്റിയാലും.


ഒച്ചുപോലിഴയുന്ന ഓര്‍മ്മകളില്‍
ഓരോ ഇടവപ്പാതിയും
കുത്തിയോലിച്ചുകൊണ്ടിരിക്കും.
മനസ്സിലെ മണല്‍ക്കുഴികളിലെല്ലാം
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്‍റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.

പായല്‍ പിടിച്ചവന്‍റെ കൈവഴിയില്‍

ഒരു കടലും കാല്‍കുത്തില്ല.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍. 
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.


കാലില്‍ ചങ്ങലയുള്ളവന്
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.

വേഷങ്ങള്‍

അച്ചില്‍ വാര്‍ത്തപോലിരിക്കും
എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ.
അളന്നു മുറിച്ച കണക്കില്‍ ചിരിക്കും
എടുത്തണിയുമ്പോളവ.
അലക്കിയെടുക്കുമ്പോള്‍ അറിയാം,
എത്ര അഴകില്‍ നെയ്തവയുടെയും തനിമ.

പ്രാര്‍ത്ഥനയുടെ സാന്ത്വനമുള്ള പരുത്തി മുഖത്ത്
അരിച്ചു പെറുക്കി നോക്കിയാല്‍ ചില
പണിക്കുറവുകള്‍ ഉണ്ടാകും.
ഇഴയടുപ്പമില്ല; പക്ഷെ, ഇളകിപ്പോരില്ല ചായം.
അറുത്തു മുറിച്ചു കളഞ്ഞാലും
അറ്റു പോവില്ലതിന്‍ ആത്മ ബന്ധം.

പ്രലോഭനങ്ങളുടെ സര്‍വ്വ സമര്‍പ്പണമാണ്
പട്ടിന്‍റെ പളപളപ്പുള്ളവയ്ക്ക്.
ഇഴയടുപ്പം നോക്കുമ്പോള്‍ തന്നെ
ഇളകിപ്പോരും ചായം.
ഹൃദയത്തിന്‍റെ പുറത്തായിരിക്കും
കസവിന്‍റെ ചിത്രപ്പണികള്‍ .
ഇത്തിരിപ്പോന്ന താലിച്ചരടിനൊന്നും
ഇണങ്ങിച്ചേരില്ലത്.

മടിച്ചു മടിച്ചു സ്വീകരിക്കപ്പെടുന്നവ
മടക്കു നിവര്‍ത്തുമ്പോള്‍ തന്നെ
മുഷിഞ്ഞു തുടങ്ങുന്നു.

കാണുമ്പോള്‍ കലി വരുന്നവയുണ്ട്:
കണ്ണഞ്ചിപ്പിക്കും നിറം പക്ഷെ
കറ പിടിക്കുന്നയിനം.
ഒട്ടും അലിവുണ്ടാവില്ല
ഒപ്പാനൊക്കില്ല കണ്ണീര്‍ .

കടിച്ചു പിടിച്ചും വലിച്ചു നീട്ടിയും
രണ്ടറ്റവും ചുരുണ്ടു പോയവക്ക്
ചുട്ടു പൊള്ളിയാലും ചിരി പൊട്ടില്ല.
കളിചിരി മായും മുമ്പേ കാണാതാകുന്നവയുണ്ട്
കത്തിക്കപ്പെടുകയോ കാറ്റില്‍
പറന്നു പോവുകയോ ചെയ്തവ.

ചിരിച്ചു കൊണ്ട് ചില്ലു കൂട്ടിലിരിക്കും
ചിതലരിക്കും വരെ നമ്മെ കൊതിപ്പിക്കുന്നവ.
നരച്ചു വര വീണാലും കാണും
അഴിച്ചു മാറ്റാന്‍ കഴിയാത്തവ
വേദ പുസ്തകത്തിന്‍റെ പുറം ചട്ടപോലൊരു
ഭാവ രഹിതമാം മുഖം
കെട്ടിലും മട്ടിലും കഷ്ടം , പക്ഷെ
വിട്ടു പോവില്ലതിന്‍ തയ്യല്‍
പൂര്‍വ സ്മൃതികളില്‍  പാല്‍മണം ചുരത്തും
പ്രാണനില്‍ ഒട്ടിപ്പിടിച്ചിരിക്കും.

നരിമട

മലര്‍ന്നു കിടക്കാന്‍
തൊട്ടിലും
ആട്ടുകട്ടിലും കൊള്ളാം.
എങ്കിലും അതൊക്കെയീ 
മനുഷ്യര്‍ക്കെ ചേരൂ.

ശവപ്പെട്ടിയും
സെമിത്തേരിയും 
നന്നു , പക്ഷെ 
കിടക്കുമ്പോള്‍ 
മുഖത്തോടു മുഖം
കാണാന്‍ പറ്റില്ലല്ലോ!

ചിതയിലാണെങ്കില്‍ 
ശുദ്ധ സുഗന്ധം, പക്ഷെ 
ഈ നെയ്യും ചന്ദനവും
ശുദ്ധ അസംബന്ധം.
പുഴയില്‍ പ്രാണഭയം,
കടപ്പുറത്തോളം.

ഹാവൂ..ആശ്വാസം..!
ചെന്നായ്ക്കു പോലും
മലര്‍ന്നു കിടക്കാന്‍
സൌകര്യമുള്ള
മനസ്സുള്ളപ്പോള്‍ 
ചെകുത്താനെന്തിനു
കാടുകേറണം?

മരുപ്പച്ചയുടെ പിറവി

ഒട്ടകങ്ങള്‍ക്കിടയില്‍ 
ഒരുച്ച കിടന്നുറങ്ങുന്നുണ്ട്.‌
പണ്ടു തിന്ന പുല്ലും ഇലയും
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
ഈച്ചകളുടെ 
ആരവങ്ങള്‍ക്കിടയില്‍
അഴിച്ചുവച്ച
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു. 
മരുഭൂമിയിലെ ചൂടിനും കാറ്റിനും
മനുഷ്യരേക്കാള്‍ കണ്ണും 
കാതും ഉള്ളതുകൊണ്ട് 
തിരിച്ചറിയാനൊരു
മുഖച്ഛായ പോലും 
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,  
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.    
ആത്മാവിനെ   
അഭംഗ്യം ചെയ്യിക്കുന്നു. 
അതിന്‍റെ ആരണ്യകങ്ങളില്‍ 
ഉറക്കമില്ലാത്ത 
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.Powered by Blogger.