റജബ്


റജബിൽ വിത്ത് വിതയ്ക്കണം
ശഅബാനില്‍ നട്ടുനനയ്ക്കണം
റമളാനില്‍ കൊയ്തെടുക്കണം.

നരകവിമോചനമാണ്
റജബിന്‍റെ അവതാര ലക്ഷ്യം
സ്വര്‍ഗ്ഗപ്രവേശനമാണതിന്റെ
ജീവിത തത്വം
റഹ്മത്തിന്‍റെ സുകൃതികളാണ്
റജബിന്‍റെ സദ്ഗുണങ്ങള്‍.

വാക്കുകള്‍ അളന്നു മുറിച്ചാല്‍
റജബിന്റെ നാക്കില്‍
തേനിനേക്കാള്‍ മധുരം.
വാളുകള്‍ ഉറയിലിടുമ്പോള്‍
റജബിൻ മനസ്സില്‍
സാത്വികന്റെ വിനയം.

സുകരതമായൊരു മൌനത്തിന്റെ
വാചാലമായ അവതരണം.
അപരാധികളുടെ വിചാരണയിൽ
നരകവാതിലുകളിലെ പരിചകൾ.
പാശ്ചാത്താപ വിവശർക്കതൊരു
സ്വര്‍ഗ്ഗ കവാട സ്വാഗതം.

കാലത്തിന്‍റെ ഔദാര്യമാണ്‌
റജബിന്‍റെ കാരുണ്യം.
സമാധാനത്തിന്‍റെ സന്ദേശമാണ്
അതിന്‍റെ ഉള്ളടക്കം.
അപവാദവും പരദൂഷണവുമില്ലാത്ത
അഭിജ്ഞമായ  ഒരു ജീവിതചര്യയുടെ
ആമുഖവും അവതാരികയുമാണ്
റജബിന്‍റെ ബധിരമൂകത.

4 coment�rios

4 coment�rios :

നിദാനം

ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.

ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.

സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.

ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.

ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത്‌ കൊണ്ടായിരിക്കും!!
18 coment�rios

18 coment�rios :