ബധിര മാ(ന)സം





മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്കാണ് 
അവതീർണ്ണമായ 
റഹ്മത്തിൻറെ  പുണ്യം.

ഭൂമിയിലെ
മനുഷ്യകുലത്തിനു വേണ്ടി
മൂകനും ബധിരനുമായൊരു 
മാനസ ഭാവം

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്കും
അവസാന നാളിലെങ്കിലും അത് 
മനസ്സമാധാനം നല്‍കും.

യുഗയുഗ്മങ്ങളായ് അതിനെ
ആദരിച്ചവരും അനാദരിച്ചവരും
ഒരേകജാലക പ്രപഞ്ചത്തില്‍
സമാനരൂപികളായി നില്‍ക്കുമ്പോള്‍

ബധിരരേയും മൂകരേയും
വാഗ്മികളും വാചാലരുമാക്കുന്ന
അന്ത്യ വിചാരണ വേളയില്‍
ആരെയും ചൂണ്ടിക്കാണിക്കാന്‍ 
കഴിയാത്ത റജബ് എന്ന മാസത്തിന് 
അഭിവന്ദ്യനായൊരു മനുഷ്യന്‍റെ
മതവും ഹൃദയവും.

(അതിനെ ആദരിച്ചവരെല്ലാം
നിശ്ശബ്ദതയുടെ നിറകുടങ്ങളായി
മാറുമ്പോഴും
അനാദരിച്ചവരുടെ ആര്‍ത്തനാദങ്ങള്‍
കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി പെയ്യുമ്പോഴും)

ബധിര കര്‍ണ്ണങ്ങളോടെ
ഉഹദ് മലപോലെയുറച്ച
വിശ്വാസപ്പെരുമയില്‍ അതിന്‍റെ ശിരസ്സുയരും.
ആ മൌനപര്‍വ്വത്തില്‍
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍
വിള്ളലായി വീഴും.

തിന്മകൾക്കൊന്നും  
കാത് കൊടുത്തില്ലെന്ന് 
സഹനപര്‍വ്വത്തില്‍ നിന്നും
സംസമിന്‍റെ പരിശുദ്ധിയോടെ
അതിന്‍റെ സര്‍വ്വജ്ഞാനവും
ഉരുകും.

( പാശ്ചാത്താപത്താൽ 
നിറതടാകമായി മാറുന്ന
കണ്ണുകള്‍ക്കായി അത്
പ്രതീക്ഷയോടെ ചുറ്റും
നോക്കും.)

അല്ലാഹുവതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
പരിചയപ്പെടുത്തും:

ഇതാ..
അപവാദവും
പരദൂഷണവുമില്ലാത്ത,
പരിശുദ്ധവും
പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
നിനക്ക് വേണ്ടി തുടിക്കും.



@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 


14 coment�rios

14 coment�rios :