വഴിമരങ്ങള്‍വെളുത്താല്‍ വെയില്‍പ്പേടി
കറുത്താല്‍ ഉയിര്‍പ്പേടി 
ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍
ഉറക്കമില്ലാത്ത മരങ്ങള്‍

കാറ്റിന്റെ നാവിലെപ്പോഴും
കാടുകയറുന്ന ഭീഷ്മം
വെയിലിന്‍റെ കണ്ണിലുടല്‍
വെന്തുരുകുന്ന ഗ്രീഷ്മം 

വിണ്ണില്‍ മേഘരോഷങ്ങള്‍
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍ 
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍ 

മുള്ളുള്ള മുഖസ്തുതികള്‍ 
മൂര്‍ച്ചയുള്ള കൈപ്പിഴകള്‍ 
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍ 

കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്‍ക്കുന്ന 
കുറുനരികളുടെ വ്യൂഹം

വെളുത്താലും കറുത്താലും
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.

ചിത്രങ്ങള്‍ ഗൂഗിള്‍ 
Powered by Blogger.