അടയാളങ്ങള്‍



ലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്‍  
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.

അന്നന്നത്തെ അന്നത്തിനായി 
മണ്ണില്‍ ആജീവനാന്തം 
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.

മണ്ണില്‍ ഉഴുതുമ്പോഴും 
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.

അരിവാളും കറിക്കത്തിയും 
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.

കതിരും പതിരും തിരഞ്ഞ് 
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം 
ഒരു കരലാളനത്തില്‍ ഒതുക്കും.
      
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ 
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ 
ഒരതിജീവന സന്ദേശം.

ഉറി ഉരുളി അമ്മി ഉരല്‍ ഉലക്ക 
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍ 




22 coment�rios

22 coment�rios :

കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത


മുരിങ്ങ മരത്തിന്റെ കൊമ്പില്‍
കൂകാറുണ്ടൊരു കാ.. കാ..

മുവ്വാണ്ടന്‍ മാവിന്‍റെ തുമ്പില്‍
കുറുകാറുണ്ടൊരു കൂ.. കൂ..

കണ്ടാല്‍ കറുത്തവനെന്നും
കാ.. കാ.. എന്നു കരഞ്ഞു

കാണാന്‍ കൊതിച്ചവളെന്നും
കൂ.. കൂ.. എന്നു ചിലച്ചു

കാണാപ്പുറങ്ങളിലെന്നും
കാ.. കാ..ക്കുണ്ടൊരു കണ്ണ്

കരിനാക്കുകാരിക്ക് വമ്പ്
കുറുമൊഴിക്കഴകിന്റെ ഹുങ്ക്  


കാ.. കാ.. കരഞ്ഞു വെളുക്കും
കാ.. കാ.. കുളിച്ചു കറുക്കും

കാ.. കാ.. മലര്‍ന്നു പറക്കും
കൂ.. കൂ.. കിടന്നു ചിരിക്കും

കാ.. കാ.. കൂടൊന്നു കൂട്ടി
കൂ.. കൂ അതു കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കിളിക്കൂട്

കാ.. കാ.. കാടുകള്‍ ചുറ്റി
കാ.. കാ.. നാടുകള്‍ ചുറ്റി

കാ.. കാ.. കൂട് മിനുക്കി
കൂ.. കൂടകം കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കുരുവിക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കാ.. കാ.. കടല് കടന്നു

കൂ.. കൂ.. പറന്നു കളിച്ചു
കൂ.. കൂ.. കുറുകി രസിച്ചു

കാ.. കാ.. കൊട്ടാരം കെട്ടി
കൂ.. കൂ.. അത് കണ്ടു ഞെട്ടി

കണ്ടത് സ്വര്‍ണ്ണക്കൂട്
കൊതിച്ചത് കുഞ്ഞാറ്റക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കൂ.. കൂ.. കൊതിച്ചു കൊണ്ടിരുന്നു

കാ.. കാ.. പറന്നു തളര്‍ന്നു
കൂ.. കൂ.. കുറുകിക്കൊണ്ടിരുന്നു.

35 coment�rios

35 coment�rios :

വര്‍ഷമാപിനി




ചക്രവാളങ്ങളില്‍ ഋതു ചംക്രമണം

സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം

ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍

ഹിമകണങ്ങളില്‍ പുകമറകളില്‍

നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത.

നിരനിരയായി പറന്നു പോകുന്നു

ചിറകണിഞ്ഞ കാര്‍മുകിലുകള്‍

ദൂരെ പരവതാനികള്‍

വിരിച്ചുസ്വീകരിച്ചിരുത്തുന്നു,

മലനിരകളില്‍ തീപ്പുകഞ്ഞു നീറുന്ന

ചുവന്ന കാടുകള്‍

ദുരിത ബാധിതര്‍ മരങ്ങള്‍

വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍

മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന

കിളികള്‍ കീടങ്ങള്‍

പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍

ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .

ഒരിറ്റു ദാഹവും അതിന്റെ മോഹവും

അടക്കി വയ്ക്കുവാനറിയാത്ത

നര, രുധിര ദാഹികള്‍ക്കിടയിലും

മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും

കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

കൂടുകൂട്ടുന്ന ചതുപ്പിലും

സഹന സങ്കടം തിരിച്ചറിയാത്ത

തൃണ സമാനങ്ങള്‍ക്കിടയിലും

വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന

അതിരു തെറ്റിയ വഴിയിലും

ഇരമ്മദങ്ങളാലുണരും വാനവും

ഇരമ്പലോടംബു കണങ്ങളും

അനന്ത കാരുണ്യകാലങ്ങള്‍

അങ്ങകലെ പോയി മറയുന്നു?

ദുരിതവാഹകര്‍ക്കിടയില്‍

നീര്‍വറ്റിപിടഞ്ഞു വീണൊരുപിടി

മണല്‍ത്തരി ഹൃദയതാളത്തില്‍

പുതുമഴയുടെ ചിലമ്പണിഞ്ഞുടല്‍

ഉയര്‍ത്താനാവാതെ പുഴുക്കളായ്

മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.

പുഴയെന്നതിനെ പുകഴ്ത്തുന്നു.

44 coment�rios

44 coment�rios :

നേര്‍ക്കാഴ്ച്ചകള്‍



ണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന  
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന   
കുന്നുകളില്‍ തിരയുക.  
മയില്‍പ്പീലികള്‍ ചൂടിയ
മൊട്ടത്തലകള്‍ മാത്രം.

മരിച്ചു കൊണ്ടിരിക്കുന്ന 

ഗ്രാമങ്ങളില്‍ നോക്കുക.
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍ 
അവയുടെ രാപ്പകലുകള്‍ 
ഒളിച്ചു കടത്തുന്നു.
വിറങ്ങലിച്ച മണ്ണില്‍ 
വേരാണ്ടുപോയ നാട്ടുമരങ്ങള്‍ 
മഴക്കാടുകളയവിറക്കുന്നു.

വഴിക്കണ്ണുകള്‍ തുറന്നാല്‍

കത്തിയ വയലിലും
വറ്റിയ പുഴയിലും 
തിമിര,പാതാളക്കാഴ്ച്ചകള്‍  
   
പുലരിയില്‍ ചിലപ്പോള്‍  
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്‍റെ വിരലുകള്‍ 
നിലാവില്‍ കേള്‍ക്കാം   
കിളിക്കൂടുകള്‍ക്കുള്ളില്‍ 
മുറിവേറ്റ നിലവിളികള്‍ 

മക്കളുടെ കളിവീടുകളും

മണ്ണപ്പം ചുട്ട 
കണ്ണന്‍ ചിരട്ടകളും തിരഞ്ഞു  
ജീവിതം തുഴയുന്ന 
ഒരമ്മയെക്കാണണമെങ്കില്‍ 
പിണങ്ങിപ്പോയതെല്ലാം വീണ്ടും 
പിച്ചവച്ചു തുടങ്ങണം.


21 coment�rios

21 coment�rios :

വഴിമരങ്ങള്‍



വെളുത്താല്‍ വെയില്‍പ്പേടി
കറുത്താല്‍ ഉയിര്‍പ്പേടി 
ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍
ഉറക്കമില്ലാത്ത മരങ്ങള്‍

കാറ്റിന്റെ നാവിലെപ്പോഴും
കാടുകയറുന്ന ഭീഷ്മം
വെയിലിന്‍റെ കണ്ണിലുടല്‍
വെന്തുരുകുന്ന ഗ്രീഷ്മം 

വിണ്ണില്‍ മേഘരോഷങ്ങള്‍
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍ 
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍ 

മുള്ളുള്ള മുഖസ്തുതികള്‍ 
മൂര്‍ച്ചയുള്ള കൈപ്പിഴകള്‍ 
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍ 

കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്‍ക്കുന്ന 
കുറുനരികളുടെ വ്യൂഹം

വെളുത്താലും കറുത്താലും
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.

ചിത്രങ്ങള്‍ ഗൂഗിള്‍ 
28 coment�rios

28 coment�rios :

ഇലയിലെ വായന


ഈ നില്‍പ്പില്‍
എല്ലാ ഇലയിലും
വേദനയും അതിന്‍റെ 
വേവലാതിയും

കടക്കലും തലപ്പിലും
കണ്ണിലും കാതിലും

കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും

പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍ 
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍  

വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും

ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന് 
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില്‍ നിന്നൊരു
തുള്ളി..


കാരുണ്യത്തുള്ളികള്‍

മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന 
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

26 coment�rios

26 coment�rios :

വാനസ്പത്യം


കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.




24 coment�rios

24 coment�rios :

തൊടുന്നവരും വാടുന്നവരും











മറന്നു പോയവരോ 
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.

വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.

ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍ 

വാക്കുകള്‍ 
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍ 
അളന്നു നോക്കിയാല്‍ 
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍ 
അഴിച്ചുനോക്കിയാല്‍ 
തുറന്നു വിടപ്പെട്ടവരേക്കാള്‍ 
ശക്തി കാട്ടും.

മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍ 
മാലാഖയോ
ചെകുത്താനോ ആവില്ല.

തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ. 


30 coment�rios

30 coment�rios :

നാട്ടുകാഴ്ച്ചകള്‍



പൂക്കാലം
മുറ്റത്തെ മുല്ലയില്‍
മുല്ലപ്പൂ വിപ്ലവം.
മുകളിലെ ചില്ലയില്‍
മര്‍ക്കട താണ്ഡവം.

കുരുത്വം
മുന്നിലൊരു മുതുനെല്ലി
മുച്ചൂടും കായ്ക്കുമ്പോള്‍ 
മുതുകിലൊരു കുരുനെല്ലി
മൂത്തു പഴുക്കുന്നു.

കുട്ടിത്തം
കയ്യില്‍ ഐസ്ക്രീം
കണ്ണില്‍ ഐ ക്ലീന്‍

ഭാരോദ്ധ്വഹനം
വീതം വച്ചപ്പോള്‍
അച്ഛന്‍
ഏട്ടന്റെ ഭാഗം.
അമ്മ
അനുജന്റെ ഭാഗം.
വീതം വിറ്റപ്പോള്‍
അച്ഛനും അമ്മക്കും
ജീവിതം ഭാരം.

എളുപ്പവഴി 
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം. 

കെട്ടുപാടുകള്‍
മകന്‍ വലുതായപ്പോള്‍
പെണ്ണു കെട്ടിച്ചു.
അവന്‍ വലുതായപ്പോള്‍
മിന്നു പൊട്ടിച്ചു.

29 coment�rios

29 coment�rios :