മരപ്പാട്ട്




കാറ്റിനെ കാത്തിരിക്കുന്ന മരങ്ങൾ 
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 
മനുഷ്യരേപ്പോലെത്തന്നെ,
കൈവിരൽത്തുമ്പിൽ
പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ..

മരങ്ങളെന്നു വിളിക്കാൻ പറ്റുമോ 
മനുഷ്യരില്ലാത്ത നാട്ടില്‍ 
കാടും മേടുമെല്ലാം
കാമക്രോധമുറങ്ങുന്ന
പാതിരാക്കണ്ണുകൾ തുറിക്കുമ്പോള്‍ 

അടിവേരുകളിളകിയ
തണൽ മരങ്ങളിലും
പൊതുവഴികളിലെ
തളിർക്കാച്ചില്ലകളിലും
കരിങ്കുയിലുകളുടെ നൊമ്പരങ്ങളും
മഴച്ചാർത്തുകൾക്കായി നിലാവിൻ
നെടുവീർപ്പുകളും
ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
ഇരുളിലേക്കിടക്കിടെ
ചേർത്തു വക്കുന്ന
ഇലക്കാതുകളും
അതിലാർത്തു പെയ്യുന്ന,
പോയ കാലത്തിൻ ഞാറ്റുവേലകളും..


കേൾക്കുന്നുണ്ടൊരു
കാതമകലെ
പീളക്കണ്ണുകൾ തെളിയാത്ത
പച്ചപ്പാവമൊരു
വയസ്സന്‍ കുന്നിന്റെ കുളമ്പടിയും..


ചാരമായ് കത്തിത്തീർന്ന
ചന്ദനച്ചിതകളിൽ
പുന്നെല്ലിൻ പാടത്തിന്റെ
ശവദുർഗ്ഗന്ധങ്ങളും..


ചൊറിച്ചേമ്പിലകളിൽ
നീറിപ്പിടഞ്ഞാടുന്ന
പോയൊരോണക്കാലത്തിൻ
മുത്തശ്ശിക്കിനാവുകളും..


ഉടലുടുപ്പുകൾ ഉപേക്ഷിച്ചു പോയ
മണൽപ്പുഴപ്പരപ്പിൻ നിഴൽപ്പറ്റി
മലിന ജലസംഭരണികളുടെ
മരണ സ്പന്ദനങ്ങളും.


നിർഭാഗ്യജീവിതത്തിൻ
മൂകാന്ധകാരം നീളെ..
വീണു ചിതലരിക്കുകയാണതിൽ
വന്ധ്യ വനവസുന്ധര ജാതകം.




# മൊബൈൽ വഴിയുള്ള എഴുത്തും പോസ്റ്റും അതിൻെറ പരിമിതികളും.
16 coment�rios

16 coment�rios :