ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakam
ജീവനാന്തം ടോക്‌ ടൈം വാറന്റിയുള്ള
ബാറ്ററി ലൈഫ്‌.

ഒരു ഒഎസിലും തളച്ചിടാൻ കഴിയാത്ത
ഒരപൂർവ്വ ജീവിതത്തിന്റെ ശരവേഗം.

ഉള്ളടക്കങ്ങളിലെ ദുരിതക്കടലിൽ
സഹന പർവ്വതങ്ങളുടെ ശവദാഹം നടന്നാലും
മുഖത്ത് പോറൽ വീഴാത്ത ഡിസ് പ്ളേ.

വലം കൈയ്യിലുള്ള വടി കുത്തി
ഇടം കൈയ്യാൽ ചുമട് താങ്ങി
പെരുവഴികൾ മുറിച്ചു കടക്കുമ്പോൾ
കുഞ്ഞമ്മയുടെ നാക്ക് പ്രാർത്ഥനാനിരതം.

പാതകളും പാളങ്ങളും പരിസരം മറന്ന്
ഒരു കൂപ്പുകൈയോടെ നിൽക്കും.
മരണവണ്ടികളുടെ വേഗം
മറ്റൊരായുസ്സിന്‍റെ പാളത്തിലേക്ക്
വഴി തിരിച്ചു വിടും.
ജനറേഷന്‍ ഗ്യാപ്പുകളില്ലാത്ത ചിരിയുമായി
കുഞ്ഞുകുട്ടികള്‍ കൂകിപ്പായും.

മനസ്സ് ഓഫ് മൂഡിലായാലും
ആകാശവും നക്ഷത്രങ്ങളുമായി കുഞ്ഞമ്മക്കൊരു
ക്ളൌഡ് കമ്പ്യൂട്ടിംഗ് കണക്ഷനുണ്ട്.

പരിധി വിട്ടുപോയാലും
കുഞ്ഞമ്മ വിളിക്കുന്ന സബ് സ്ക്രൈബർക്ക്
തിരക്കില്ലാത്ത നിരക്കാണ്.

അങ്ങിനെ,
ദൈവവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ
കുഞ്ഞമ്മയുടെ കണ്മുന്നിലൊരു പുഴ
വെള്ളിപ്പാദസരമണിഞ്ഞൊഴുകും.

ഉള്ളിലെ കറയും കരിയുമെല്ലാം
അതിന്റെ കരയിലലക്കുമ്പോൾ
കണ്ണീരുകൊണ്ട് കുഞ്ഞമ്മ കുളിക്കും.
നനഞ്ഞ വിഴുപ്പുകൾ കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലെല്ലാം വെളുക്കും.

വെളുത്ത പകലെല്ലാം കറുക്കും വരെ
കുഞ്ഞമ്മക്ക് അലക്കും ഉണക്കും.