പാളയും കയറും








പാറ്റക്കവുങ്ങില്‍ നിന്നൊരു 
തളിര്‍ വെറ്റിലയിറുത്ത്
പച്ചടക്കയും ചുണ്ണാമ്പും കൂട്ടി
മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം 
കരിമുരുക്കിന്‍റെ പൂക്കള്‍

വടക്കേ കോലായപ്പടിയില്‍  

മുത്ത്യമ്മ മയങ്ങാന്‍ കിടന്നാല്‍ 
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്‍ 
പാളവിശറിയിലെ പാട്ടുകള്‍ 

*അമ്മാമന്റെ കഴുത്തറുക്കേണം

അരത്തുടം ചോരയെടുക്കണം
*കഞ്ഞുണ്ണിയുടെ തലയരിയേണം
ഒന്നരത്തുടം നീരെടുക്കേണം
ഇരുനാഴി എണ്ണയളന്നെടുക്കേണം
ഒരു നാളികേരത്തിന്റെ പാലും വേണം
*അഞ്ജനക്കല്ല് പൊടിച്ചു ചേര്‍ക്കേണം
*ചരല്‍പ്പാകത്തില്‍ കാച്ചിയരിക്കണം 
കുട്ടിക്കുറുമ്പിയെ തേച്ചു കുളിപ്പിക്കണം. 

പടിപ്പുരക്കപ്പുറത്തൊരു വളച്ചെട്ടിച്ചി 

പാത്തും പതുങ്ങിയും നില്‍ക്കും 
കുട്ടിക്കുറുമ്പി കിണുങ്ങിയാല്‍ മുത്ത്യമ്മ    
വടി വെട്ടി വെള്ളാരങ്കണ്ണുരുട്ടും
കുട്ടിക്കുറുമ്പി പിണങ്ങിത്തുടങ്ങിയാല്‍ 
കരിവളയണിയിച്ചു കൈകൊട്ടും. 
ചെട്ടിച്ചി വള വള പൊട്ടിച്ചേ..
ഒരു തേങ്ങാപ്പൂളോണ്ടൊട്ടിച്ചേ..

പറമ്പിലും പള്ള്യാലിലും  

മുത്ത്യമ്മയുടെ നിഴല്‍ തെളിഞ്ഞാല്‍   
മരങ്ങളായ മരങ്ങളിലെല്ലാം 
പൂവും കായും നിറയും.  
പാളച്ചെരുപ്പും പാളത്തൊപ്പിയും 
പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും 
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില്‍ കോരിക്കുടിക്കും 
പാളേങ്കയറില്‍ ഊഞ്ഞാലാടും.

കുട്ടിക്കുറുമ്പിയെ  ഊട്ടുന്ന നേരം

മുത്ത്യമ്മക്കമ്പിളിമാമന്‍റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം  
മുത്തശ്ശിക്കഥയുടെ മായാലോകം.

മുരുക്കിന്‍ ചോട്ടില് കെടന്നവള്..

മുന്നാഴെൃണ്ണ കുടിച്ചവള്..
മോതിരക്കയ്യോണ്ട് ഒന്നോ രണ്ടോ..
തന്നാലുണ്ണി പ്ളീം..

പാളവിശറിയില്‍ നിന്നുള്ള 

പാട്ട് തീരുമ്പോഴേക്കും 
പഴുക്കടക്കയുടെ മണമുള്ളൊരു 
കാറ്റ് വരും.. 
തഴുകിത്തലോടിയുറക്കും.



* അമ്മാമന്‍ : ഉമ്മത്ത് എന്ന ഔഷധസസ്യം
* കഞ്ഞുണ്ണി: ഔഷധസസ്യം
* അഞ്ജനക്കല്ല് : ഔഷധം
* ചരല്‍ പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി



24 coment�rios

24 coment�rios :