വര്‍ഷമാപിനി




ചക്രവാളങ്ങളില്‍ ഋതു ചംക്രമണം

സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം

ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍

ഹിമകണങ്ങളില്‍ പുകമറകളില്‍

നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത.

നിരനിരയായി പറന്നു പോകുന്നു

ചിറകണിഞ്ഞ കാര്‍മുകിലുകള്‍

ദൂരെ പരവതാനികള്‍

വിരിച്ചുസ്വീകരിച്ചിരുത്തുന്നു,

മലനിരകളില്‍ തീപ്പുകഞ്ഞു നീറുന്ന

ചുവന്ന കാടുകള്‍

ദുരിത ബാധിതര്‍ മരങ്ങള്‍

വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍

മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന

കിളികള്‍ കീടങ്ങള്‍

പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍

ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .

ഒരിറ്റു ദാഹവും അതിന്റെ മോഹവും

അടക്കി വയ്ക്കുവാനറിയാത്ത

നര, രുധിര ദാഹികള്‍ക്കിടയിലും

മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും

കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

കൂടുകൂട്ടുന്ന ചതുപ്പിലും

സഹന സങ്കടം തിരിച്ചറിയാത്ത

തൃണ സമാനങ്ങള്‍ക്കിടയിലും

വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന

അതിരു തെറ്റിയ വഴിയിലും

ഇരമ്മദങ്ങളാലുണരും വാനവും

ഇരമ്പലോടംബു കണങ്ങളും

അനന്ത കാരുണ്യകാലങ്ങള്‍

അങ്ങകലെ പോയി മറയുന്നു?

ദുരിതവാഹകര്‍ക്കിടയില്‍

നീര്‍വറ്റിപിടഞ്ഞു വീണൊരുപിടി

മണല്‍ത്തരി ഹൃദയതാളത്തില്‍

പുതുമഴയുടെ ചിലമ്പണിഞ്ഞുടല്‍

ഉയര്‍ത്താനാവാതെ പുഴുക്കളായ്

മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.

പുഴയെന്നതിനെ പുകഴ്ത്തുന്നു.

44 coment�rios

44 coment�rios :