അടയാളങ്ങള്‍



ലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്‍  
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.

അന്നന്നത്തെ അന്നത്തിനായി 
മണ്ണില്‍ ആജീവനാന്തം 
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.

മണ്ണില്‍ ഉഴുതുമ്പോഴും 
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.

അരിവാളും കറിക്കത്തിയും 
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.

കതിരും പതിരും തിരഞ്ഞ് 
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം 
ഒരു കരലാളനത്തില്‍ ഒതുക്കും.
      
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ 
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ 
ഒരതിജീവന സന്ദേശം.

ഉറി ഉരുളി അമ്മി ഉരല്‍ ഉലക്ക 
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍ 




22 coment�rios

22 coment�rios :