Menu
കവിതകള്‍
Loading...

പുരാണ കിട്ടം

ണ്ടെന്റെ തമ്പ്രാന്റെ കയ്യില് നാട്
അടിയന്റെ കൈയ്യില് മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില് കാട്
അടിയന്റെ നെഞ്ചില് കിളിക്കൂട്

പണ്ടെന്റെ തമ്പ്രാന്റെ പേരില് കുന്ന്
അടിയന്‍റെ പേരില്  അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില് പൊന്ന്
അടിയന്റെ തലയില് കളിമണ്ണ്.

പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില് പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്

കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്

അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്‌
വെറുമൊരു കോള്..കഴുത്തില് വാള്!

ഇളം വെയില്‍ കൊണ്ടാല് അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്‍റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം

തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല് 
അതുകൊണ്ട് ചുണ്ടില് പാക്കറ്റ് പാല് !

വായനയുടെ ഇeവഴികള്‍ !

വിഷയ വൈരുദ്ധ്യങ്ങളുടെ
വര്‍ണ്ണത്തലക്കെട്ടുകളുള്ള
വില്‍പ്പനശാലകളില്ലെങ്കിലും, 
അലഞ്ഞു നടക്കാനും 
പറന്നു പോകാനും പറ്റിയതാണ്
വായനയുടെ ഇe വഴികള്‍ .

വശങ്ങളില്‍  തലമുറകളുടെ
വംശ പാരമ്പര്യമുള്ള
താളുകളില്ല. 
അച്ചടിച്ചുവച്ച മുഖച്ചിത്രങ്ങളില്‍ 
അക്കമിട്ടു നിരത്തിയ 
അപൂര്‍വ്വ ബഹുമതികളുമില്ല.

പക്ഷെ, വൃത്ത ചതുരങ്ങളില്‍  
ശത്രുവിനെ എതിരേല്‍ക്കുന്ന 
ആഖ്യാന തന്ത്രങ്ങളുണ്ട്.
ഉത്തരങ്ങളില്‍
സത്യത്തെ തോല്‍പ്പിക്കുന്ന
വ്യാകരണത്തെറ്റുകളും.
വിപ്ലവവും വിശ്വാസവും
ഇറക്കുമതി ചെയ്താണ് ചിലതിന്റെ  
അജണ്ടയും അച്ചുകൂടങ്ങളും.
വ്യാഖ്യാനങ്ങളുടെ വിടവുകളില്‍ 
തലതിരിച്ചു വായിക്കപ്പെടുന്ന
ഭൂത ഭാവി വര്‍ത്തമാനങ്ങളുമുണ്ട്. 

പുറം ചട്ടകള്‍ തുപ്പുന്ന
പുസ്തകഫാക്ടറികളുടെ 
പുകയില്ലെങ്കിലും
അലങ്കാരങ്ങള്‍ ധാരാളമുള്ള
ആമുഖങ്ങള്‍ ആസ്വദിച്ച്
ബഹുദൂരവര്‍ണ്ണനകളുള്ള
വരികളുടെ തെരുവിലെത്താം. 
കലാപത്തിനും വിലാപത്തിനും 
പ്രണയത്തിനും സൗഹൃദത്തിനും
കത്തിപ്പടരാന്‍ പറ്റിയ
ബഹുനില ഭാവനകളെല്ലാം ,
ഉള്ളടക്കത്തില്‍ തെല്ലും
വിസ്താരഭയമില്ലാതെ.

വിലപേശലിന്റെ ബഹളമില്ലെങ്കിലും
വിശ്വസിക്കുവാന്‍ കഴിയാത്ത 
വാക്കുകളുടെ  ചേരികളുണ്ട്.
ചിറകു മുളച്ചവരും
ചിറകു മുറിഞ്ഞവരും
അകന്നു പോയവരും
ആട്ടിയോടിക്കപ്പെട്ടവരുമൊക്കെ
വിശന്നു തളര്‍ന്നിരിക്കുന്ന 
നിഴലിടങ്ങളുടെ നിരകളുണ്ട്. 

വായനയുടെ ഇeവഴികള്‍ പലപ്പോഴും 
വാലും തലയുമില്ലാതെ നീളും.
കുത്തും കോമയും കൊണ്ട് പൂരിപ്പിച്ച
ജീവിതസമസ്യകള്‍ ചിലപ്പോള്‍ 
ലിംഗവചനങ്ങളില്ലാതെ തെളിയും.
എങ്കിലും,ഒരാശ്ചര്യചിഹ്നത്തോടെ 
അതിന്റെ ഓരങ്ങളിലിടക്കിടെ
അക്ഷരങ്ങളുടെ വസന്തം വിരിയും.
കുത്തുവാക്കുകളുടെ തോരാമഴയിലും
കുത്തിയൊലിച്ചു പോവാതെ,
സര്‍ഗ്ഗസുഗന്ധം
ഈ വഴികളില്‍ നിറയും.

ചിത്രം ഗൂഗിള്‍


Powered by Blogger.