Menu
കവിതകള്‍
Loading...

അമ്മയുടെ വീട്

ച്ഛന്‍ വെളിച്ചപ്പെട്ടു വന്നു
ഒരു പാടു മുട്ടിയപ്പോഴാണ്
അതിഥിയേപ്പോലെയമ്മ 
വാതില്‍പ്പഴുതില്‍ നിന്നു വായ്‌തുറന്നത്.

അതെ! 
സംശയിച്ചതിന്‍റെ ഇരട്ടിയെങ്കിലും
അതിന്‍റെ ജാലകക്കാഴ്ച്ചകളിലുണ്ട്.

ഉറക്കച്ചടവില്‍ ചുമച്ചു തുപ്പിയാലും
പകലുരുട്ടിക്കാണിക്കുന്ന
പച്ചപിടിപ്പിച്ച മുറ്റം.
അഴുക്കും വിഴുപ്പും അകത്തു കത്തിച്ചു
നുണക്കുഴികളില്‍ കിടന്നു
പുകയുന്ന പുത്തനടുക്കള.

മനസ്സു തിളച്ചു തൂവിയപ്പോള്‍ 
ഇരുട്ടില്‍ കിടന്നു ചട്ടിയും 
കലവുമെന്നമ്മ സമാധാനിച്ചിരിക്കും.
പിന്നെ, 
ഉള്ളതില്‍ നിന്നൊരുപിടിയെടുത്തുണ്ട്
അമ്മിക്കും അലക്കുകല്ലിനുമിടയില്‍ 
അടങ്ങിയൊതുങ്ങിയിരുന്നിട്ടുണ്ടാവും.

ഒറ്റക്കല്ലെന്നു വരുത്താന്‍ 

എത്തിനോക്കിയിരിക്കണം,
അമ്മ..അമ്മായി..അച്ഛമ്മ..
അമ്മൂമ്മയെന്നൊക്കെ..
എന്നും ഒന്നിച്ചു കഴിഞ്ഞ ഏതാനും വാക്കുകള്‍ .
മാടിനേപ്പോലെ നടക്കുമ്പോഴും 
മക്കളേയെന്നു ചുണ്ടില്‍ 
മനസ്സിന്‍റെയൊരു വിളിയുണ്ടായിരിക്കണം.

ഒടുവില്‍ ,
സഹന സങ്കടങ്ങളുടെ 
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ 
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.ദിശ്യം

കിഴക്കിനെക്കാള്‍ മുമ്പെ
വെളുക്കാറുണ്ട്,
എന്‍റെ പടിഞ്ഞാറെന്നും.

കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
ചാണകത്തില്‍ കുളിച്ച കന്നുകളെയും
അകിടൊട്ടിയ ആട്ടിന്‍പറ്റങ്ങളെയും.
കാടും മലയും അയവിറക്കി
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.

നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.

പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.

ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്‍റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.

കടല്‍ കാണുമ്പോള്‍
അടുക്കള ഭരണിയില്‍
അകപ്പെട്ട നിലയിലാണ്
ആദ്യമായി കണ്ടത്.

കരിയില്‍ മുങ്ങിയ ഉമ്മ

കഞ്ഞിയിലേക്കെടുത്തിട്ടു.
വിയര്‍പ്പില്‍ കുളിച്ച ഉപ്പ
കണ്ണുരുട്ടിക്കാണിച്ചു.
വിരല്‍ തൊട്ടുനക്കിയപ്പോള്‍
ഉപ്പിന്റെ കടല്‍ !

കുഞ്ഞുകുട്ടന്‍ നായരുടെ

പലചരക്കുകടയില്‍ നിന്നും
തേക്കിലപ്പൊതിയിലാണതു
വീട്ടിലെത്തുന്നത്.
പീടികക്കോലായിലെ
മരപ്പത്തായത്തിലൊരുനാള്‍
ചത്ത പല്ലിക്കൊപ്പം കണ്ടപ്പോള്‍ 
ചാവുകടലെന്നു തിരുത്തി.

പാണ്ടിലോറികളിലും പിന്നെ

പട്ടാമ്പിയിലെ ഗോഡൌണിലും
ചെങ്കടലിന്റെ കൈവഴികളിലൂടെ
കുത്തിപ്പിടുത്തങ്ങളില്‍പ്പെട്ട
ചാക്കുകണക്കിനട്ടികള്‍ .

ബോംബെയിലും *സാമ്പാറിലും

പകല്‍പോലെ വെളുത്തും
കടല്‍പോലെ പരന്നും കിടന്നു.
അറുത്ത കൈയ്ക്ക്
ഉപ്പുതേക്കാത്തവര്‍ക്കിടയിലതിനെ
കണ്ടപ്പോള്‍ത്തന്നെ അറച്ചു,
കരിങ്കടലെന്നു വിളിച്ചു.

കണ്ടുകൊണ്ടിരുന്നു പിന്നെയും

അത്തറും അറബിപ്പൊന്നും
പവിഴപ്പുറ്റുകളും നിറഞ്ഞ്
ചില കടല്‍ നാക്കുകളില്‍
കിടന്നു കളിക്കുന്നത്.

കടല്‍ കടന്നപ്പോഴും കണ്ടത്

പിടി കിട്ടാത്ത കാര്യങ്ങള്‍
ഉപ്പിന്റെ കടലിലെപ്പോഴും
വിയര്‍പ്പും കണ്ണീരും മാത്രം.

വിയര്‍പ്പൊഴുക്കിയൊഴുക്കി

ചിലരെല്ലാം ഉപ്പുകടലില്‍
വിയര്‍പ്പെത്ര ഒഴുക്കിയിട്ടും
ചിലരെന്നും കണ്ണീര്‍ക്കടലില്‍*സാമ്പാര്‍ (രാജസ്ഥാനിലെ ഉപ്പുപാടം)
ആഴം

ല്ലാവര്‍ക്കും
അറിയാം..

നമുക്കിടയിലുള്ളത് 
എത്ര വലിയൊരു
കടലിന്റെ 
വഴിദൂരമാണെന്ന്.

പക്ഷെ,
മറ്റാര്‍ക്കും
അറിയില്ല,

നമ്മുടെ സ്നേഹത്തിന്
ഒരഴുക്കു ചാലിന്റെ 
ആഴം പോലും
കാണില്ലെന്ന്.

കണ്ണാടിടഞ്ഞ വാതിലില്‍ പുറത്തെ കാഴ്ച്ചയില്‍
തിളങ്ങുന്നുണ്ടൊരു പകലിന്‍റെ മുഖം.
അലിവുള്ളില്‍ മങ്ങിത്തെളിഞ്ഞോരാകാശം
പകരുന്നുണ്ടുള്ളില്‍ പുതിയൊരുന്മേഷം .

അടുത്തു ചെല്ലുമ്പോള്‍ അകത്തു നിന്നൊരാള്‍
പതുക്കെയെത്തിയോ? പതിഞ്ഞു നോക്കിയോ?
അടഞ്ഞ വാതിലില്‍പ്പതിഞ്ഞ മുട്ടുകേട്ട
ടുത്തുവന്നുടന്‍ മടങ്ങിപ്പോയതോ ?

അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച
മറവില്‍ നിന്നുടല്‍ ഉലഞ്ഞ കാലൊച്ച 
അടുത്തു നിന്നകം അടച്ചു നില്‍ക്കുന്നൊ?
അകത്ത് നിന്നകം പുറത്തു കാട്ടുന്നോ?

മൃഗമല്ലാത്തൊരു വിചിത്ര രൂപത്തില്‍
വരച്ചു വച്ചൊരീ മരത്തിലെ
ചിത്രപ്പണികള്‍ കാണുമ്പോള്‍
ഭയം പെരുകുന്നു.
തിരിച്ചു പോകുവാന്‍ തുടങ്ങുമ്പോള്‍ 
വാതില്‍ കൊളുത്തുകള്‍ ചങ്കില്‍ 
നഖങ്ങള്‍ ആഴ്ത്തുന്നു.
മരത്തിലെ മുഖം 
മൃഗത്തിന്‍റെതല്ലെന്നുറച്ച ബോധത്തില്‍
മനസ്സിലാകുമ്പോള്‍ മനുഷ്യന്‍റെ മുഖം
മറന്നുപോകുന്നു. ആകാശത്തണല്‍

ന്റെ പ്രഭാതങ്ങള്‍ക്കൊരിക്കലും 
പുലരിത്തുടിപ്പുണ്ടാകാറില്ല.
ഒന്നുകില്‍ വെയിലിന്‍റെ
വിളറിയ ചിരി.
അല്ലെങ്കില്‍ മഞ്ഞിന്‍റെ
മരവിച്ച നോട്ടം.

പ്രദോഷങ്ങള്‍ക്കുമുണ്ടാവാറില്ല;
പ്രസന്നാത്മകത.
നിവര്‍ന്നു നിന്ന് 
മൂര്‍ദ്ധാവില്‍ ഉമ്മവച്ചിട്ടുണ്ടാവില്ല
ഒരു പകലും.

ഇളം കാറ്റില്‍ ഹൃദയം
ഇലകളില്‍ കിടന്നു തുള്ളുമ്പോള്‍
സ്മരണകള്‍ കരിയിലകളായി
കാട് കയറും.

മഞ്ഞും മഴയും വെയിലും   
ആകാശത്തിന്റെ കാരുണ്യങ്ങളെന്ന്
തളിരിലകളുടെ കാതില്‍ വന്ന്
കാറ്റ് പാടുമ്പോള്‍

കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
മണ്ണിന്റെ മടിയിലേക്ക്.കഥാന്ത്യം

ണുപ്പില്‍ കടല്‍ക്കാക്കകള്‍  പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,

അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്‍റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.

പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന്‍ കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.

കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍  വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.

കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.

അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്‍പ്പാടുകളെല്ലാം
അത് പിന്തുടര്‍ന്നു മായ്ക്കുന്നു.

ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍  അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.

ആയാമം
മോഹനമീയുലകില്‍ പാറി വീണപ്പോള്‍
തൂമരത്തുമ്പില്‍ നിരാലംബനായ്‌ കൂട്ടില്‍
മോഹവിഹീനനായ്‌ നിദ്രയെ ചുംബിച്ചു
വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ്‌ .

പാറിപ്പറന്നപ്പോള്‍  ദൂരവിദൂരമാം
ഏതോ വിളക്കിന്‍ വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്

മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്‍ഥമാം ജീവിത 

സാഗരത്തില്‍ മദിച്ചാര്‍ത്തനായ്‌,വ്യാമോഹ 
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ 
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്‌.. .

കാലമൊരഗ്നിയായ്‌ ആളിപ്പടര്‍പ്പോള്‍  
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ്‌ ,ആവേശ ശൂന്യനായ്‌.,ഭൂമിയില്‍ ..
(ആയാമം = നീളം)

വേലി
തു വേലിയും എളുപ്പം പൊളിക്കാം
കെട്ടലാണ് കഷ്ടം.

മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും 
തലനാരിഴ പ്രശ്നങ്ങള്‍ .
എത്ര കെട്ടിയാലും കാണും 
എന്തെങ്കിലും ചില പഴുതുകള്‍ .
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം..
ആടോ പശുവോ വേലി ചാടാം..

തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍ .    
പുഞ്ചിരി വിരിയുന്നു ചില  കൊമ്പുചില്ലകളില്‍ .
പ്രണയം പൂക്കുന്നിടത്തൊക്കെ
പുകഴ്ത്തിക്കെട്ടലുകള്‍ .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ .
വിളഞ്ഞവര്‍ക്കിടയിലെന്നും വളച്ചു കെട്ടലുകള്‍ .
വിളവ് തിന്നു മുടിക്കുന്നവര്‍ക്കിടയില്‍
മുനവച്ചും മുള്ളുവച്ചും ചില മതില്‍ വേലികള്‍ .

മതിലുകളെല്ലാം എളുപ്പം കെട്ടാം,
അതുപക്ഷെ, പൊളിക്കലാണ് കഷ്ടം.

കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും 
മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
വഴിതെറ്റി വന്നവരെ വലവിരിച്ച് പിടിക്കും. 
വഴിമാറിപ്പോയവരെ കെണിവച്ചു കുടുക്കും.
മഹത്വവല്‍ക്കരിക്കപ്പെട്ട ബഹുനിലകളില്‍
പ്രലോഭനങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കെട്ടാനും പൊളിക്കാനും പറ്റാത്ത
മഹാത്ഭുതങ്ങളുടെ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്നുണ്ട് ചില വന്‍മതിലുകള്‍ 
പേരിനൊരു വേലിയുണ്ടാകുമെങ്കിലും
നേര്‍വഴിയില്‍ മാത്രം നയിക്കുന്നവര്‍

മാവേലി നാടൊഴിഞ്ഞു പോയിട്ടും
വാമനനെന്ന ചില വയ്യാവേലികള്‍ 
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു..നഖീലുകള്‍ പറയുന്നത്

വിഴുപ്പലക്കിയും ഉണക്കിയും മുഖം
വെളുപ്പിച്ചും അകം കറുപ്പിച്ചും ചിലര്‍
പുലര്‍നിലാവിലും ഉണര്‍ന്നിരിക്കുന്നു.
പ്രദോഷങ്ങള്‍ അതിന്‍ വഴികളില്‍ നിഴല്‍
പരവതാനികള്‍ വിരിച്ചു സ്വീകരി-
ച്ചിരുത്തുന്നു പോയ ദിനങ്ങളെയെന്നും.

മൃതിയടഞ്ഞതിന്‍ സ്മൃതി പുതുക്കുവാന്‍ 
ഇരുന്നവര്‍ക്കിടെ പകരുന്നുണ്ടതിന്‍
പകല്‍ക്കിനാവില്‍ നിന്നിറുത്ത *റത്തബിന്‍
കുലകളും, ഉള്ളില്‍ തിളച്ച *ഖാവയും.
ഇടയ്ക്കിടെയത് നുകര്‍ന്നവര്‍ തന്നെ 
ഇകഴ്ത്തുന്നു മുന്നില്‍ കുനിഞ്ഞു ജീവിതം 
വിളമ്പിത്തീര്‍ക്കുന്ന വിധിയാണെന്നപോല്‍ !

അവര്‍ അസദൃശ സഹനശക്തിയോ-
ടകലെ നാളയെ മധുരമാക്കുവോര്‍ 
*ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
പുകമഞ്ഞിന്‍ മൂടുപടമണിഞ്ഞെത്തി 
അവധിയില്ലാതെ വെയില്‍ ചുമന്നവര്‍ 
അവധിയില്‍ പെരുമഴയായ് പെയ്തവര്‍ 

ഉടയവര്‍ ചിലര്‍ മറന്നുപോകുന്നു 
കുടിച്ച കണ്ണുനീര്‍ കടലിന്നുപ്പുപോല്‍ !
കടല്‍ക്കരകളില്‍ വലകള്‍ നെയ്തിട്ടും 
സമതലങ്ങളില്‍ തലകള്‍ കൊയ്തിട്ടും 
കരകയറാത്ത തിരകളാണവര്‍ 
തുടര്‍ മൊഴികളാല്‍ നുരചിതറുവോര്‍ 

ബിലാദുകള്‍ മണല്‍ച്ചുഴികളില്‍ മായ്ച്ചു
കളയും കാറ്റില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന
*ബദുവെപ്പോല്‍ പാവം *നഖീലുകള്‍ വ്യഥ
*ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍ .
മഴ കഴിഞ്ഞെത്തും പൊതുമാപ്പിന്‍ *വാദി-
യൊഴുക്കില്‍ പ്പെട്ടുറ്റവരെ കൈവിട്ടാലും
വിനമ്രശീര്‍ഷരാണിളം *നബാത്തിന്റെ
വിളംബരച്ചിരി മുറിച്ചു മാറ്റിലും.

അതിമോഹങ്ങളിന്നതിന്‍ പകലിനെ 
അമിതദാഹികളാക്കുന്നുണ്ടെങ്കിലും
മധുരവ്യാപാരം കൊണ്ടുഷ്ണജീവിതം 
അധികബാധ്യതയാകുന്നുണ്ടെങ്കിലും
നിലാച്ചിറകുകള്‍ ധരിച്ചവ, ജന്മ
സ്ഥലികളിലെന്നും പുനര്‍ജ്ജനിക്കുന്നു.
ഒരു തലമുറ മുഴുവന്‍ ആ ചിരി
തിരിച്ചറിഞ്ഞുള്ളം ത്രസിച്ചു നില്‍ക്കുന്നു.

ചകിതയാവാതെപ്പുലര്‍ക നീയെന്നും.
---------------------------------------------------------------------
*റത്തബ്‌ -പുതിയ ഈത്തപ്പഴം 
*ഖാവ - മധുരം ചേര്‍ക്കാത്ത കാപ്പി 
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ്‌ - ഗ്രാമം 
*ബദു - മരുവാസി,മലവാസി 
*നഖീല്‍ - ഈത്തപ്പന 
*ഖഫീഫ്‌ -ഈത്തപ്പനയോലയുടെ കുട്ട
*വാദി - മലവെള്ളപ്പാച്ചില്‍ 
*നബാത്ത് - ഈത്തപ്പനയുടെ പൂക്കുല
(പരാഗണത്തിനു പകരം ആണ്‍മരങ്ങളില്‍ നിന്നും അറുത്തെടുക്കുന്ന 
പൂക്കുലയുടെ അല്ലികള്‍ പെണ്മരങ്ങളില്‍ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത് )കുഞ്ഞിക്കുറുക്കന്റെ കല്യാണം

ണ്ടു പണ്ട്..മ്മടെ കണ്ടങ്കോരനാണ്
ഉപ്പിണിപ്പാടത്തെ പെരുവരമ്പില്‍ നിന്ന്
ചോരക്കണ്ണകളുടെ പുറവട്ടം ചുരുക്കി
കാറ്റിനെ കൈകൊട്ടി വരുത്തുന്നത്.

കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല്‍ ചാലാണൊലിച്ചിറങ്ങുന്നത്.

തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.

ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ  ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.

രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
തോടും പാടവും ഒരു ചെങ്കടലാകും
കാളിപ്പെണ്ണും കണ്ടങ്കോരനും കടല്‍ തുഴഞ്ഞ്
ഒരോലക്കുടയില്‍ ആഴ്ച്ചച്ചന്ത കാണും

കണ്ടങ്കോരന്റെ പുലയടിയന്തിരം കഴിഞ്ഞ്
കതിര് കൊയ്യാന്‍ വന്ന കിളികള്‍ പറഞ്ഞു
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
നാടേതെന്നറിയില്ല..കാടേതെന്നറിയില്ല

പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു
വെയിലും മഴയും കനിയേണ്ട..
പൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!


വെള്ളെഴുത്ത്ളി ചിരികള്‍ക്കിടയിലഴിഞ്ഞ
കരിനാക്കിന്‍ ഉടയാടകള്‍ 
കിളി കൊത്തിയിട്ടപോലിരുളില്‍ 
ഉതിര്‍ന്ന മറു വാക്കുകള്‍ 
വരണ്ട മനസ്സില്‍ വീണൊടുവില്‍  
പിടയും പ്രാണന്‍റെ തുടിപ്പുകള്‍ 

ഉദയാസ്തമനങ്ങള്‍ക്കിടയില്‍ 

അതിരുകളില്ലാത്ത പകലുകള്‍  
ഉടല്‍ വീടിന്റെ പെരുങ്കോലായില്‍  
ഉന്മാദം വിളമ്പുന്ന  ഓര്‍മ്മകള്‍  
പിരിഞ്ഞു പോയ കാഴ്ച്ചകളില്‍  
വഴുവഴുക്കുന്ന സ്വപ്‌നങ്ങള്‍      
വിരലില്‍ പിണയും പിഴകളില്‍  
എരിവും പുളിയും മറന്ന രുചികള്‍ 
കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍ 
കടിച്ച കല്ലിന്‍ മുറിവുകള്‍ 

ഒരു കഥയാവാന്‍ കൊതിച്ചതും 

ഒരു കവിതയാകാന്‍ കൊതിച്ചതും  
ഒരു നെരിപ്പോടായ് പുകഞ്ഞതും 
ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും 
മണല്‍ത്തരികളില്‍ കുതിരുമ്പോള്‍  
പെരുവിരലിന്‍റെ വിറകള്‍ 


ചിത്രസംയോജനം ഗൂഗിള്‍ 

പുരാണ കിട്ടം

ണ്ടെന്റെ തമ്പ്രാന്റെ കയ്യില് നാട്
അടിയന്റെ കൈയ്യില് മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില് കാട്
അടിയന്റെ നെഞ്ചില് കിളിക്കൂട്

പണ്ടെന്റെ തമ്പ്രാന്റെ പേരില് കുന്ന്
അടിയന്‍റെ പേരില്  അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില് പൊന്ന്
അടിയന്റെ തലയില് കളിമണ്ണ്.

പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില് പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്

കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്

അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്‌
വെറുമൊരു കോള്..കഴുത്തില് വാള്!

ഇളം വെയില്‍ കൊണ്ടാല് അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്‍റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം

തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല് 
അതുകൊണ്ട് ചുണ്ടില് പാക്കറ്റ് പാല് !

വായനയുടെ ഇeവഴികള്‍ !

വിഷയ വൈരുദ്ധ്യങ്ങളുടെ
വര്‍ണ്ണത്തലക്കെട്ടുകളുള്ള
വില്‍പ്പനശാലകളില്ലെങ്കിലും, 
അലഞ്ഞു നടക്കാനും 
പറന്നു പോകാനും പറ്റിയതാണ്
വായനയുടെ ഇe വഴികള്‍ .

വശങ്ങളില്‍  തലമുറകളുടെ
വംശ പാരമ്പര്യമുള്ള
താളുകളില്ല. 
അച്ചടിച്ചുവച്ച മുഖച്ചിത്രങ്ങളില്‍ 
അക്കമിട്ടു നിരത്തിയ 
അപൂര്‍വ്വ ബഹുമതികളുമില്ല.

പക്ഷെ, വൃത്ത ചതുരങ്ങളില്‍  
ശത്രുവിനെ എതിരേല്‍ക്കുന്ന 
ആഖ്യാന തന്ത്രങ്ങളുണ്ട്.
ഉത്തരങ്ങളില്‍
സത്യത്തെ തോല്‍പ്പിക്കുന്ന
വ്യാകരണത്തെറ്റുകളും.
വിപ്ലവവും വിശ്വാസവും
ഇറക്കുമതി ചെയ്താണ് ചിലതിന്റെ  
അജണ്ടയും അച്ചുകൂടങ്ങളും.
വ്യാഖ്യാനങ്ങളുടെ വിടവുകളില്‍ 
തലതിരിച്ചു വായിക്കപ്പെടുന്ന
ഭൂത ഭാവി വര്‍ത്തമാനങ്ങളുമുണ്ട്. 

പുറം ചട്ടകള്‍ തുപ്പുന്ന
പുസ്തകഫാക്ടറികളുടെ 
പുകയില്ലെങ്കിലും
അലങ്കാരങ്ങള്‍ ധാരാളമുള്ള
ആമുഖങ്ങള്‍ ആസ്വദിച്ച്
ബഹുദൂരവര്‍ണ്ണനകളുള്ള
വരികളുടെ തെരുവിലെത്താം. 
കലാപത്തിനും വിലാപത്തിനും 
പ്രണയത്തിനും സൗഹൃദത്തിനും
കത്തിപ്പടരാന്‍ പറ്റിയ
ബഹുനില ഭാവനകളെല്ലാം ,
ഉള്ളടക്കത്തില്‍ തെല്ലും
വിസ്താരഭയമില്ലാതെ.

വിലപേശലിന്റെ ബഹളമില്ലെങ്കിലും
വിശ്വസിക്കുവാന്‍ കഴിയാത്ത 
വാക്കുകളുടെ  ചേരികളുണ്ട്.
ചിറകു മുളച്ചവരും
ചിറകു മുറിഞ്ഞവരും
അകന്നു പോയവരും
ആട്ടിയോടിക്കപ്പെട്ടവരുമൊക്കെ
വിശന്നു തളര്‍ന്നിരിക്കുന്ന 
നിഴലിടങ്ങളുടെ നിരകളുണ്ട്. 

വായനയുടെ ഇeവഴികള്‍ പലപ്പോഴും 
വാലും തലയുമില്ലാതെ നീളും.
കുത്തും കോമയും കൊണ്ട് പൂരിപ്പിച്ച
ജീവിതസമസ്യകള്‍ ചിലപ്പോള്‍ 
ലിംഗവചനങ്ങളില്ലാതെ തെളിയും.
എങ്കിലും,ഒരാശ്ചര്യചിഹ്നത്തോടെ 
അതിന്റെ ഓരങ്ങളിലിടക്കിടെ
അക്ഷരങ്ങളുടെ വസന്തം വിരിയും.
കുത്തുവാക്കുകളുടെ തോരാമഴയിലും
കുത്തിയൊലിച്ചു പോവാതെ,
സര്‍ഗ്ഗസുഗന്ധം
ഈ വഴികളില്‍ നിറയും.

ചിത്രം ഗൂഗിള്‍


ഉപ്പും മുളകും


ഉപ്പും മുളകും

അത്താഴം മുട്ടിയപ്പോള്‍
അവള്‍ക്ക് ഹാലിളകി..
ഉപ്പില്ല..മുളകില്ല..
അത്താഴം കിട്ടിയപ്പോള്‍
അയാള്‍ക്കും ഹാലിളകി..
ഉപ്പില്ല..മുളകില്ല..

പ്രവാസം

അക്കരെ പോയപ്പോള്‍
അധികച്ചിലവ്
ഇക്കരെ വന്നപ്പോള്‍
അവധി കുറവ്.

മാടം 

അച്ഛന്‍ പെരുവഴിയിലിഴഞ്ഞു
അമ്മ അടുക്കളയില്‍ പുകഞ്ഞു
മകന്‍ മാനം നോക്കിയിരുന്നു
മകള്‍ മാടം വിട്ടു പറന്നു.

വല

ഡാഡി  ഫേസ്ബുക്ക്  ലൈക്കില്‍
മമ്മി ജീമെയില്‍ ടാക്കില്‍
കുട്ടി യുട്യൂബ് ലൈവില്‍
കള്ളന്‍ ബ്ലാക്ക്‌ & വൈറ്റില്‍ .


കാറ്റിനെപ്പോലൊരു വാക്ക്‌


കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ !
കാടും കടലും തഴുകി വന്നെത്തുന്ന 
പുലരിയുടെ തെളിവോടെ
പൂക്കളുടെ അഴകോടെ
കിളികളുടെ മൊഴിയോടെ
അരുവിയുടെ കുളിരോടെ
അലകളുടെ ചിരിയോടെ 
ഒരു നവരസ സുമനസ വചനം.

കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ 
കാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
കടലിനെ മടിയില്‍  പിടിച്ചിരുത്താം.
മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
പുഴയുടെ പാട്ടിന് ചുവടുവക്കാം.
മഴയുടെ കൊലുസിന് താളമിടാം.

കാറ്റിനെപ്പോലൊരു വാക്കാവണം
കടിഞ്ഞാണിട്ടാലത് കാറ്റാവണം.
കയറു പൊട്ടിച്ചാല്‍‍ കടലാവണം.
കാറില്‍പറക്കുമ്പോള്‍ മഴയാവണം.
കരയിലിറങ്ങുമ്പോള്‍ കഥയാവണം.

കാറ്റിനെപ്പോലൊരു വാക്ക്..
ആ വാക്കിന് വാളിന്റെ മൂര്‍ച്ച വേണം
വായ്ത്തല നേരിന്‍റെ നിറവാകണം
വാക്കില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ 
വന്മരങ്ങള്‍ പൊട്ടിവീഴുമ്പോള്‍
കാടും മലയും  പുഴയും  വെളുപ്പിച്ചു
നാടും നഗരവും നക്കിച്ചുവപ്പിച്ചു
രാജയോഗങ്ങളാഘോഷിച്ചു വാഴുന്ന
രാവണ,രാക്ഷസ ജന്മങ്ങള്‍ വാക്കിന്‍റെ
താരപ്രഭയില്‍ മനുഷ്യരായ്‌ത്തീരണം.

കാറ്റിനെപ്പോലുള്ളില്‍ വാക്കുണ്ടെങ്കില്‍ 
കാടിന്റെയുള്ളിലെ തീയടങ്ങും 
മഴയുടെയുള്ളിലെ മഞ്ഞടങ്ങും  
മലയുടെയുള്ളിലെ കൊതിയടങ്ങും 
പുഴയുടെയുള്ളിലെ ചതിയടങ്ങും  
കടലിന്റെയുള്ളിലെ കലിയടങ്ങും
പകലിന്റെയുള്ളിലെ പകയടങ്ങും.‍  
പരിവേഷമണിയുന്ന പുലരികളില്‍ ഭൂമി
പുതുലോക വാഴ്ച്ചയില്‍ ആനന്ദിക്കും.

കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
നാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍ 
ഒരു പുലര്‍ക്കാറ്റ്  മുഖത്തുണ്ടാവും
ഒരു പൂനിലാവിന്റെ ചിരിയുണ്ടാകും
ഒരു മഴവില്ലിന്റെ നിറമുണ്ടാവും
ഒരു പൂക്കാലത്തിന്‍ മണമുണ്ടാവും
ഒറ്റ മനസ്സിന്‍ കരുത്തുണ്ടാവും.

കാറ്റിനെപ്പോലൊരു വാക്ക്..
‍ 
Powered by Blogger.