റസ്താക്

സ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്‍റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.

വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്‍റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്‍റെ മലനിരകള്‍ .

ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച 
നിന്‍റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും? 

അസ്സലിന്‍റെ മധുരവും
ബുഖൂറിന്‍റെ സുഗന്ധവും
നിന്‍റെ സംസ്കാരപൈതൃകം.
ഫലജിന്‍റെ സംശുദ്ധിയോടെ  
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു 
നിന്‍റെ കാരുണ്യസ്പര്‍ശം. 

ഋതുഭേദത്തിന്‍റെ പച്ചപ്പിലും
പത്തരമാറ്റിന്‍റെ പവന്‍ തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്‍റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ      
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ 
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.

റസ്താക്ക്.. നിന്‍റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .


റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്‌/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്‍/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്‍റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.
13 coment�rios

13 coment�rios :

കല്‍പ്പാന്തം

യാത്ര മണ്ണിലേക്കെന്നറിയുമ്പോഴെല്ലാം  
ആനന്ദക്കണ്ണീര്‍ തൂകുന്ന മേഘങ്ങള്‍ . 

മുന്നിലെത്തുമ്പോഴൊക്കെ നമ്മളതിനെ 
മഴയെന്നു പറഞ്ഞു പുകഴ്ത്തി!
കണക്കില്‍  കവിഞ്ഞപ്പോളെല്ലാം
മഹാമാരിയെന്നു തിരുത്തി!

കടലില്‍ ചെന്നെത്താനുള്ള കൊതിയില്‍
തടയണകള്‍ താണ്ടുന്ന ധൃതിയില്‍ 
അറിയുന്നുണ്ടായിരുന്നതു, തന്നെ  
പുഴയെന്നു പുകഴ്ത്തിയവര്‍ക്കുള്ളിൽ   
പൂഴ്ത്തിവച്ച ചതിക്കുഴികള്‍ .

കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും 
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും        ‍ 
അതു തിരിച്ചറിഞ്ഞുകൊണ്ടിരുന്നു,  
കരകയറാനുള്ള ചില മോഹങ്ങള്‍ 
ഉപ്പുപാളികളിലൊളിപ്പിച്ചു വച്ച
കടലിന്‍റെ കാത്തിരിപ്പുകള്‍ .

മണ്ണിലേക്കായാലും മനുഷ്യരിലേക്കായാലും
ഇടിവെട്ടിപ്പെയ്യുന്നൊരാണവമേഘത്തിനൊപ്പം 
ഇടക്കിടക്കിങ്ങിനെയണിഞ്ഞൊരുങ്ങുമ്പോള്‍ ,
ആനന്ദക്കണ്ണീരില്ലതിന്നുള്ളില്‍ .

തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.
 


  
24 coment�rios

24 coment�rios :

അയിലത്തല


തുമുഖത്തൊളിച്ചിരിപ്പുണ്ടാകും 
തിരകള്‍ക്കിടയിലെന്നും 
വലവീശിയവരുടെ വിരലടയാളങ്ങള്‍ 
പതിഞ്ഞൊരു വന്‍കടല്‍ .

മണത്തു മണത്തു നടക്കുന്നുണ്ടാകും 
എപ്പോഴുമൊരുപ്പുകാറ്റില്‍ ,
വിലപേശിയവരുടെ 
വിയര്‍പ്പും വായ്നാറ്റവും.

വഴിപോക്കന്‍റെ തെറി‍, തുപ്പല്‍ 
ഒക്കെ മനസ്സില്‍ പറ്റിപ്പിടിക്കുമ്പോള്‍ 
ഒരയിലത്തലക്കതെല്ലാം എളുപ്പം 
തിരിച്ചറിയാന്‍ കഴിയും.

ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും 
കിടത്തിപ്പൊറുപ്പിക്കാത്ത 
കാക്ക,പൂച്ചകള്‍ .
കഴുത്തടക്കം കണ്ടിച്ചിട്ടും 
കലിയടങ്ങാത്ത കത്തിപ്പകകള്‍ 
എല്ലാമെല്ലാം 
അതെണ്ണിയെണ്ണിപ്പറയും.

ഒടുവിലെല്ലാവരേയും 
തൊട്ടു തൊട്ടു കാണിക്കും.
ഒരോട്ടുകിണ്ണത്തില്‍ 
മണിമുട്ടിപ്പാടുന്നുണ്ടതിന്‍റെ 
പെരുവഴിക്കാഴ്ച്ചകളില്‍ 
പിന്നെയും ചിലതെല്ലാം.
കാകായെന്നും 
മ്യാവൂമ്യാവൂയെന്നും.

അരങ്ങിലേക്കൊ
അടുക്കളയിലേക്കോയെന്നറിയാത
ഫ്രീസറില്‍ നിന്നെടുത്തു 
പൊരിവെയിലത്തിട്ടതിന്‍റെ 
ഒരുണക്കം മാത്രമാണപ്പോള്‍ 
അതിന്‍റെ മുള്ളിന്‍റെയുള്ളില്‍‍ .
24 coment�rios

24 coment�rios :