റസ്താക്

സ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്‍റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.

വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്‍റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്‍റെ മലനിരകള്‍ .

ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച 
നിന്‍റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും? 

അസ്സലിന്‍റെ മധുരവും
ബുഖൂറിന്‍റെ സുഗന്ധവും
നിന്‍റെ സംസ്കാരപൈതൃകം.
ഫലജിന്‍റെ സംശുദ്ധിയോടെ  
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു 
നിന്‍റെ കാരുണ്യസ്പര്‍ശം. 

ഋതുഭേദത്തിന്‍റെ പച്ചപ്പിലും
പത്തരമാറ്റിന്‍റെ പവന്‍ തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്‍റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ      
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ 
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.

റസ്താക്ക്.. നിന്‍റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .


റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്‌/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്‍/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്‍റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.

13 coment�rios :

13 അഭിപ്രായങ്ങൾ:

  1. നല്ലവരായ,നിഷ്കളങ്കരായ "ബദുക്കള്‍"

    മറുപടിഇല്ലാതാക്കൂ
  2. നന്നായി. ബദുക്കള്‍, ബദവികള്‍ അവരെ പറ്റി എനിക്ക് കൂടുതല്‍ അറിയണമെന്നുണ്ട്. അവരുടെ ജീവിത രീതി, പരമ്പരകള്‍, എഴുതാമോ..?
    yasmin@nattupacha.com

    മറുപടിഇല്ലാതാക്കൂ
  3. അറിയാത്തൊരുഗ്രാമത്തിന്റെ അസ്സല്‍ത്തനിമ അപ്പാടെ മുന്നില്‍ ഒഴുകിനിറയുന്നു വാക്കുകളില്‍നിന്നും ..... സുന്ദരം.

    മറുപടിഇല്ലാതാക്കൂ
  4. ബദുക്കള്‍..അവകാശികള്‍..നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. ഗൾഫ് മലയാളികൾ പ്രവാസിയുടെ ജീവിതം ധാരാളം എഴുതിക്കണ്ടിട്ടുണ്ട്, പക്ഷേ, ഒമാനി, കവിതയിൽ ഞാൻ ആദ്യമായി കാണുകയാണ്. വളരെ മനോഹരമായി തീർത്ത ഗംഭീരമായ അറേബ്യൻ പശ്ചാത്തലത്തിൽ ആദിമഗോത്രജാതനെ കവിത കൃത്യമായി തൊടുകയും മനുഷ്യന്റെ കൊടുമുടിയിൽ അവരോധിക്കുകയും ചെയ്യുന്നു. തീരെ അതിശയോക്തിയല്ല ഇത്.

    മറുപടിഇല്ലാതാക്കൂ
  7. ഒരു ഒമാനിഗ്രാമത്തെ നന്നായി വരച്ചുവെച്ചിരിക്കുന്നു. ചില അറബിവാക്കുകൾ ഒഴിവാക്കാമായിരുന്നെന്നു തോന്നി,കൂടുതൽ സംവദിക്കുന്ന മലയാളം വാക്കുകളുള്ളപ്പോൾ അറബിവാക്കുകൾ ഏച്ചുകെട്ടലായി തോന്നുന്നു.
    ഉദാ:-ജിറാദ്,ബിലാദ്,അസ്സൽ,ബുഖൂറ്‌
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  8. നന്നായിരിക്കുന്നു,ആഴമുള്ള വരികള്‍..

    മറുപടിഇല്ലാതാക്കൂ
  9. റസ്താക്കിന്റെ മനോഹാരിത നേരിട്ടു കണ്ടിട്ടുണ്ട്,കവിത വായിച്ചപ്പോള്‍ മനസില്‍ സന്തോഷം തോന്നി

    മറുപടിഇല്ലാതാക്കൂ
  10. കണ്ടതിലും വായിച്ചതിലും സന്തോഷം.......എങ്ങനെ അറിയാം ഒമാനും ഇവിടുത്തെ ആൾക്കാരെയും?? ഇവിടെയാണോ?

    മറുപടിഇല്ലാതാക്കൂ
  11. ശ്രീ മാഷ് പറഞ്ഞപോലെ പ്രവാസിയുടെ പറഞ്ഞു പറഞ്ഞു ബോറടിക്കുന്ന ഗൃഹാതുരത ഇല്ലാതെ താന്‍ അധിവസിക്കുന്ന നാടിന്റെയും അതിന്റെ ആത്മാവിലേക്കും ഇറങ്ങുന്ന ഈ കവിത ഏറെ ഇഷ്ടപ്പെട്ടു. അറബ് പദങ്ങളുടെ അര്‍ഥം ഗ്രഹിച്ചു വായിച്ചപ്പോള്‍ റസ്താകില്‍ എത്തിയതുപോലെ. നന്ദി സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  12. ആശയവും വരികളും പതിവുപോലെ ഹൃദ്യം. പലവാക്കുകളും (അറബിക്) മനസ്സിലാക്കി ഒന്നുകൂടി വായിച്ചപ്പോള്‍ കൂടുതല്‍ ഹൃദ്യമായി തോന്നി.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.