സ്വപ്നങ്ങളുടെ ഇരകള്‍

റങ്ങുന്നവര്‍ക്കിടയില്‍
ഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.

ചിതലരിച്ചു കഴിഞ്ഞ 
പുറ്റുകള്‍ ചികഞ്ഞാല്‍ 
ഒരറ്റവുമില്ലാത്ത  
ഭൂതവും ഭാവിയും. 
പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ 
ഒരെണ്ണമയമില്ലാത്ത
സന്ധ്യാ വര്‍ണ്ണനകള്‍ .
പണ്ടത്തെ പകലുകളിലേക്കൊരു
പ്രകാശത്തിന്‍റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്‍റെ തീഷ്ണത.
ചിലപ്പോള്‍ ,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍ .
കാല്‍ക്കുട ചൂടിയ കുഞ്ചുണ്ണി മാഷും
മുല്ലപ്പൂ ചൂടിയ ദാക്ഷായണി ടീച്ചറും
പുകമറക്കകത്തുനിന്നും
പുറത്തേക്കിറങ്ങുന്നു.
പൊടിവലിച്ചു മുഖം ചുവപ്പിച്ച്
വൈകിയെത്തിയവനെ വലത്തിട്ടു
മാധവന്‍ മാഷിന്‍റെ വീറോടെ 
വള്ളിച്ചൂരലിന്‍റെ കീറ്.

പുറപ്പെട്ടയിടത്തേക്കു തന്നെ     
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍ 
ഉള്ളടക്കങ്ങളില്‍ 
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍ .


17 coment�rios :

17 അഭിപ്രായങ്ങൾ:

  1. കവിത മനോഹരമായി ..ഇഷ്ടപ്പെട്ടു ..
    നാടും പ്രവാസവും .പൊരിവെയിലും മഴയനക്കവും
    സ്വപ്നവും യാഥാര്‍ത്യവും ഒക്കെ കൂടിക്കുഴഞ്ഞ് ഒരു ഐറണി സൃഷ്ടിച്ചിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. 'ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍'
    പുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?

    'പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ ഒരെണ്ണമയമില്ലാത്തസന്ധ്യാ വര്‍ണ്ണനകള്‍. '

    പുലരിവർണ്ണങ്ങൾ തിരഞ്ഞാൽ, എങ്ങനെയാണ്‌ സന്ധ്യാ വർണ്ണനകൾ?

    സംശയം മാത്രമാണ്‌.
    കവിതയുടെ പേര്‌ വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  3. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍'
    പുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?

    സാബുവിന്റെ ഈ ചോദ്യം എനിക്കും തോന്നി.

    ബാക്കി എല്ലാം നന്നായി എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  4. സംശയങ്ങള്‍ വളരെയിഷ്ടപ്പെട്ടു.(കവിത വായിക്കപ്പെടുന്നുണ്ടെന്നറിയുന്ന ആ ആഹ്ലാദം ചില്ലറയൊന്നുമല്ല..)
    പരിമിതികളില്‍ ഒതുക്കിയ എഴുത്തിന് അതിന്‍റെതായ പോരായ്മകള്‍ കാണും.എഴുതിക്കഴിഞ്ഞും ഒരുപാട് തിരുത്തലുകള്‍ ശേഷിക്കുന്നുണ്ടാവാം.
    എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. "ചിതലരിച്ച" എന്ന വാക്കിന് "കാലാവശേഷമായത്" എന്ന ആലങ്കാരികമായ ഒരര്‍ത്ഥം കൂടിയുണ്ടല്ലോ. ചിതലുകള്‍ ഉപേക്ഷിച്ചുപോയവയാണ് പുറ്റുകളായിത്തീരുന്നത്‍. കാലഗതിയില്‍ പുറ്റുകളും(ശവകുടീരങ്ങള്‍) "കാലാവശേഷമാ"കുന്നു. അങ്ങിനെ "കാലാവശേഷമായ" പുറ്റുകള്‍ ‍(ഓര്‍മ്മകളില്‍ മാത്രമാകുന്നു‍) പക്ഷെ അതില്‍ ചികഞ്ഞാല്‍ കണ്ടെത്താവുന്നതിന് കയ്യും കണക്കുമുണ്ടാവില്ല.
    ഇനി പുലരിവര്‍ണ്ണങ്ങളിലേക്ക്..
    ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഉദയത്തില്‍ തന്നെയില്ലേ ഒരസ്തമനം? (ജനനവും മരണവും) രണ്ടും ഒന്നല്ലെങ്കിലും ഒന്നിന്‍റെ ഇരുവശങ്ങളല്ലെ?
    സ്വപ്‌നങ്ങള്‍ "ശവകുടീരങ്ങള്‍" ചികഞ്ഞും, "ജനനമരണങ്ങള്‍" തിരഞ്ഞും,പലരേയും നമ്മുടെ മുന്നിലെത്തിച്ചു തരാറില്ലേ..?

    മറുപടിഇല്ലാതാക്കൂ
  5. പണ്ടത്തെ പകലുകളിലേക്കൊരു
    പ്രകാശത്തിന്‍റെ വേഗത.
    പ്രവാസത്തിനപ്പോള്‍
    വനവാസത്തിന്‍റെ തീഷ്ണത.

    ഉള്ളില്‍ കൊള്ളുന്നുണ്ട് വാക്കുകള്‍!
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  6. പ്രവാസത്തിനപ്പോള്‍
    വനവാസത്തിന്‍റെ തീഷ്ണത.
    ചിലപ്പോള്‍,
    പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
    പഴയ വെയില്‍പ്പാതകള്‍
    പുതിയ മയില്‍ വാഹനങ്ങളുമായി
    പഴയ മഴക്കാഴ്ച്ചകള്‍.

    വളരേയധികം ഇഷ്ടമായി വരികൾ.ഒരു നല്ല കവിത.എങ്കിലും ചിലവരികൾ അനാവശ്യമായിരുന്നോ എന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  7. ഉപേക്ഷിക്കപ്പെട്ട ഓർമ്മകളുടെ പുറ്റുകൾ, കുട്ടിക്കാലത്തെ അധ്യാപകരിലൂടെ ഓർത്തത്, ആ തലയിണകൾ..തലക്കെട്ട്.. ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  8. നല്ല വരികള്‍.പ്രവാസത്തിന്റെ പൊള്ളല്‍.ബാല്യകാലതെക്കുള്ള മടക്കത്തില്‍ അധ്യാപകര്‍ നിറഞ്ഞു നില്‍ക്കുന്നു അല്ലെ.

    മറുപടിഇല്ലാതാക്കൂ
  9. സ്വപ്നങ്ങൾക്കിരയാകുമ്പോഴും, സ്വപ്നങ്ങളാൽ ഇരയാക്കപെടുംമ്പോഴും....ഏതുതലത്തിൽ വായിച്ചാലും....ഈ "ഇരകൾ" ക്കിപ്പോൾ നല്ല മാർക്കറ്റാ....

    മറുപടിഇല്ലാതാക്കൂ
  10. പ്രവാസം ഒരു പ്രഹേളിക .........
    കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. വിരഹവും നൊമ്പരങ്ങളും
    തിങ്ങി വിങ്ങി നില്‍പ്പുണ്ട്
    വരികള്‍ ഇഷ്ടടമായി

    മറുപടിഇല്ലാതാക്കൂ
  12. സാബുവിനു തോന്നിയ സംശയം എനിക്കും വായനയില്‍ തോന്നി. പക്ഷെ കവിയുടെ വിശദീകരണം സംശയം തീര്‍ത്തു.

    മറുപടിഇല്ലാതാക്കൂ
  13. പുറപ്പെട്ടയിടത്തേക്കു തന്നെ
    തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍
    ഉള്ളടക്കങ്ങളില്‍
    നിന്നുണര്‍ന്നിട്ടുണ്ടാകും,
    ഇരയുടെയിണക്കങ്ങളും
    ഇണയുടെ പിണക്കങ്ങളും.
    പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
    പഞ്ഞിപോലെ ചുരുണ്ടും
    പരുത്തിപോലെ ചുളിഞ്ഞും
    രണ്ടു തലയിണകള്‍..

    eerkkunna padhivu ee kavitha. kavithagal nalladhu nannallaadhadhu yennu onnumilla... adhu vaayikumpol unarnnal madhi adhanu aa kavithaiyude jeevidham ... very nice

    മറുപടിഇല്ലാതാക്കൂ
  14. നല്ല കവിഭാവന. അദ്ധ്യാപകരുടെ സ്വാധീനം ഇടയില്‍ മിന്നിമറഞ്ഞു.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.