കാക്കത്തോട്ടിലെ കഥകള്‍


ഞ്ഞക്കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പട്ടിണിവയറ്റില്‍
ഉമ്മ താളം കൊട്ടി  പാടി..
കഥ കഥ കസ്തൂരി..
കണ്ണന്‍ ചിരട്ട വില്ലൂരി..
കാക്കത്തോട്ടിലെ മീനിന്..
പല്ലില്ല..മുള്ളില്ല...

പാട്ടിനു വലിയുമ്മയേക്കാള്‍
പ്രായമുള്ളത് കൊണ്ടായിരിക്കണം
ഉമ്മ കണ്ണ് നിറച്ചു
പാടുന്നതിന്‍റെ കാരണം.
കാക്കത്തോട്ടിലന്നു നിറച്ചും
വെള്ളമുണ്ടായിരുന്നു.
വെള്ളത്തില്‍ നിറച്ചും
മീനും നീര്‍ക്കോലിയും.

പനയും വാഴയും തീര്‍ത്ത
തടയണയില്‍ എപ്പോഴും
പഞ്ചവാദ്യവും പക്കമേളവും.
പൂട്ടി വലഞ്ഞ പോത്തുകളെയിറക്കി
വെള്ളം കലക്കുന്ന വാപ്പുട്ടിക്ക.
കയങ്ങളില്‍ മുങ്ങി കണ്ണനും
കരുതലയും പിടിക്കുന്ന മുത്തുക്ക.
പരല്‍ മീന്‍ കൊത്തിപ്പൊങ്ങും
പൊന്മകള്‍ക്കൊപ്പം
പറന്നു  പോകുന്ന ഉച്ച.
അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍ 

അഞ്ഞൂറ്റൊന്നിന്‍റെ ഒരു
സോപ്പു കഷണം കൊണ്ട്
ഉമ്മ ഞങ്ങളയെല്ലാം
അലക്കി വെളുപ്പിക്കും .

[കാക്കത്തോട്ടിലെ മീനിനു
നല്ല ഒന്നാന്തരം
മുള്ളുണ്ടായിരുന്നുവെന്നതിനു
അവിടെ നന്നാണ് തെളിവ്.
ഒപ്പമുള്ള അമ്മമാരും ഉമ്മമാരും
കുട്ടികളെ കുളിപ്പിക്കെ പറയുന്നതു
ചെക്കന്‍ കാക്കാത്തോട്ടിലെ മീന്‍ മുള്ളുപോലെ
ആയിത്തീര്‍ന്നല്ലോ എന്നാണ് ]

കഥയില്‍ വിളമ്പിയ മീന്‍കറിക്കൊപ്പം
കാലിയാകുന്ന കഞ്ഞിപ്പാത്രം കണ്ടു
വീണ്ടും ആ  കണ്ണുകള്‍ നനയും..
വറ്റെല്ലാം ഊറ്റി വച്ചു ബാക്കിയുള്ളതില്‍
ഉള്ളിച്ചമ്മന്തി കലക്കി ഉമ്മ മോന്തും.
വിളമ്പിയതില്‍ പാതിയെങ്കിലും
വാപ്പ എന്നും ബാക്കി വക്കും.
കല്ല്‌ കടിക്കും ഉമ്മയുടെ വാക്കുകളില്‍
അത് മുഴോനും തിന്നാര്‍ന്നീലെ ങ്ങക്ക്..

ഇന്ന് കാക്കത്തോട്ടില്‍ മീനില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന ഇത്തിരി
കലക്കവെള്ളത്തില്‍ ഒഴുകിയെത്തിയത്
പ്ലാസ്റ്റിക്ക് കുപ്പി,കവര്‍ , ചപ്പു ചവര്‍
കൊക്കാട്ടിച്ചിറയിലതിന്‍റെ
നാറുന്ന കഥകള്‍ ..

പോത്തുകളെപ്പോലെ ഞങ്ങള്‍
നടന്നുണ്ടാക്കിയ വഴികളെല്ലാം
പഞ്ചായത്ത് വന്നു വീതി കൂട്ടി.
അതില്‍ നടന്നു  പോകുന്നവരുടെ
മനസ്സിലേക്കിപ്പോള്‍
പട്ടണത്തെക്കാള്‍  ദൂരം.

കഥകള്‍ പങ്കുവച്ച ഒരു തലമുറയുടെ
നിത്യ ദുരിതവാര്‍ദ്ധക്യ ദുഃഖത്തോടെ
കാക്കത്തോട്‌.. ഒലിച്ചു കൊണ്ടിരിക്കുന്നു
കഥകള്‍ പറഞ്ഞു ചിരിക്കാത്ത
വരും തലമുറയ്ക്ക്
കാക്കതൂറിയ ഒരു സ്മാരകമായി
ഉപ്പിണിപ്പാടത്ത് അതിന്റെ
കാണാപ്പാഠം.

2 coment�rios :

2 അഭിപ്രായങ്ങൾ:

  1. butifull..........
    pazhaya kalathinte....
    hridaya thudippukal......

    മറുപടിഇല്ലാതാക്കൂ
  2. അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
    ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍....... .................
    ...........

    Nalloru vaayanaanubhavam.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.